KeralaNews

കൊലപാതകത്തിന് പിന്നിൽ രണ്ട് ദിവസത്തെ ഗൂഢാലോചന; അഭിരാം കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ശ്രീകാര്യം അഭിറാം കൊലപാതകത്തില്‍ ഗൂഢാലോചനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആക്രമണത്തിന് കാരണം പ്രതിയായ 17കാരന്റെ പെണ്‍സുഹൃത്തിന്റെ സ്വകാര്യ ചിത്രങ്ങള്‍ അഭിരാമിന്റെ സുഹൃത്ത് ഷെയര്‍ ചെയ്തതെന്ന് പ്രതികളുടെ മൊഴി. കൊലപാതകത്തിന് രണ്ട് ദിവസം മുമ്പാണ് പദ്ധതി ആസൂത്രണം ചെയ്തത്. ഉമറും പ്രതിയായ പതിനേഴുകാരനും ചേര്‍ന്നാണ് പദ്ധതി ആസൂത്രണം ചെയ്തത്. ആക്രമണത്തെക്കുറിച്ച് ആനന്ദയ്ക്കും ഐശ്വര്യയ്ക്കും കൃത്യമായ വിവരമുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. ലക്ഷ്യമിട്ടത് അഭിറാമിന്റെ സുഹൃത്തിനെയാണെന്നാണ് ഉമറും ആനന്ദയും പൊലീസിന് മൊഴി നല്‍കിയത്.

ആനന്ദയുടെ ഫോണില്‍ നിന്ന് അഭിരാമിനെ മെസേജ് അയച്ച് വിളിച്ചുവരുത്തി. അഭിറാമിനെ തടഞ്ഞു നിര്‍ത്തി സുഹൃത്തിനെ എത്തിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, സുഹൃത്ത് വരാന്‍ വിസമ്മതിച്ചതോടെ അഭിറാമിനെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മറ്റ് കാരണങ്ങളെ കുറിച്ച് അറിയില്ലെന്നുമാണ് ഇരുവരുടേയും മൊഴി. എന്നാല്‍, ചോദ്യം ചെയ്യലില്‍ അഭിറാമിന്റെ ഫോണും കൊലപ്പെടുത്താന്‍ ഉപേക്ഷിച്ച ബെല്‍റ്റും എവിടെയാണെന്ന് പ്രതികള്‍ വെളിപ്പെടുത്തിയിട്ടില്ല. തെളിവുകള്‍ കണ്ടെത്താനുള്ള അന്വേഷണ സംഘത്തിന്റെ ശ്രമം തുടരുകയാണ്. നവംബര്‍ രണ്ടിനാണ് തിരുവനന്തപുരം കാര്യവട്ടത്ത് നിന്ന് കാണാതായ അഭിറാമിനെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച ശേഷം കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയാണ് അഭിരാമിനെ കൊലപ്പെടുത്തിയത്.

അതിനുശേഷം മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് പോയ അഭിരാമിനെ കാണാതാവുകയും ഫോണ്‍ സ്വിച്ച് ഓഫ് ആകുകയും ചെയ്തതോടെ പിതാവ് ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനൊടുവിലാണ് പൊലീസ് മൃതദേഹം പറമ്പില്‍ നിന്ന് കണ്ടെത്തുന്നത്. നാല് പേരാണ് നിലവില്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. പതിനേഴുകാരനാണ് ഒന്നാം പ്രതി. രണ്ടാം പ്രതി ഉമറും മൂന്നാം പ്രതി 17കാരന്റെ പെണ്‍സുഹൃത്തായ ആനന്ദയുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button