Book ReviewCultural ActivitiesLiteratureNew Books

കാവ്യപൂർണ്ണിമ – സർഗാത്മകതയ്‌ക്കുള്ള സ്നേഹസമ്മാനം

സാന്ത തുളസീധരൻ രചിച്ച കാവ്യപൂർണ്ണിമ എന്ന പുസ്തകത്തിൻ്റെ ആസ്വാദനം. തയ്യാറാക്കിയത് – റഷീദ് ചുള്ളിമാനൂർ


പുസ്തക പരിചയം – കാവ്യ പൂർണിമ.– പഠനം , അർപ്പണം, ആസ്വാദനം.

      മലയാള സാഹിത്യ ലോകത്ത് പിറവി കൊണ്ട് ,വിശ്വ സാഹിത്യത്തോളമെത്തി നിൽക്കുന്ന ശ്രീ . പ്രഭാവർമ്മ എന്ന ലെജൻഡിൻ്റെ പ്രഭാപൂരിതമായ  സർഗാത്മകലോകത്തെ കുറിച്ച്,  മലയാള സാഹിത്യ ലോകത്തെ വേറൊരു ഇതിഹാസമായ ശ്രീമതി ശാന്ത തുളസീധരൻ നമ്മുടെ മുന്നിൽ തുറന്നിടുന്ന ഒരു മഹത് കൃതിയാണ് കാവ്യ പൂർണിമ എന്ന ഈ പഠന ഗ്രന്ഥം  .

ശ്രീ പ്രഭാവർമ്മയുടെ ആദ്യകാല സൃഷ്ടികളായ എട്ട് കവിതാ സമാഹാരങ്ങളുടെആഴത്തിലുള്ള പഠനങ്ങളുടെ സംക്ഷിപ്തരൂപമാണ് പ്രിയപ്പെട്ടശാന്ത ടീച്ചർ ഈ കാവ്യ പൂർണ്ണിമഎന്ന ഗ്രന്ഥത്തിലൂടെസഹൃദയ സമക്ഷം സമർപ്പിക്കുന്നത്. പുതിയ തലമുറയിലെ ഏറെ കവികൾക്കും പരിചിതമല്ലാത്ത ,മൂന്ന് പതിറ്റാണ്ടിന് മുന്നേയുള്ള എട്ട് കവിതാസമാഹാരങ്ങളിലൂടെ ശ്രീ പ്രഭാവർമ്മയുടെ സർഗാത്മകതയുടെ ആദ്യ വാതിലുകൾ തുറന്നുകാട്ടുകയാണ് കാവ്യ പൂർണിമ എന്ന ഈ ഗ്രന്ഥം .ശരിക്കും ഇത് ഒരു പഠന ഗ്രന്ഥം തന്നെയാണ് ഒപ്പം ഒരു ആസ്വാദനവും. അതിനെക്കാൾ ഉപരി പ്രഭാവർമ്മ എന്ന സർഗ്ഗപ്രതിഭയ്ക്ക് ശാന്തതുളസിധരൻ ടിച്ചർ നൽകുന്ന ഒരു അർപ്പണം കൂടിയാണ്ഈ കൃതി.

 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്,കേരള സാഹിത്യ അക്കാദമി അവാർഡ്,മഹാകവി ഉള്ളൂർ അവാർഡ്,ആശാൻ പ്രൈസ് പ്രശസ്തനായ മാധ്യമപ്രവർത്തകൻ തുടങ്ങി  ആദരവുകളുടെ പെരുമഴയിൽ കുളിച്ചു നിൽക്കുന്ന ഭാഷാ ( വിവിധ ഭാഷ) പണ്ഡിതന്റെ കവിതാ സമാഹാരങ്ങളെ ഭയഭക്തി ബഹുമാനങ്ങളോടെയോടെയാണ്  എഴുത്തുകാരി നോക്കിക്കാണുന്നതും , വിലയിരുത്തുന്നതും.

മൂന്നു പതിറ്റാണ്ടിനു മുന്നേ എഴുതിയ ഈ കവിതസമഹാരത്തിലെ മിക്ക കവിതകളും ഇന്നും വായനയുടെ ലോകത്ത് നിറഞ്ഞു നില്കുകയാണ്.  കാലം മുറിച്ചുകടക്കുന്ന വായനയാണ് കവിതയെ , സാഹിത്യത്തെ ജീവിപ്പിക്കുന്നത് എന്നവിലയിരുത്തലുകൾ പോലെ തന്നെ ഇവിടെ പ്രഭാവർമ്മ ക്കവിതകളും കാലത്തെ മുറിച്ചു കടക്കുകയാണ്.

അത് മിൽട്ടനെ പോലെയും, വേർഡ് വർത്തിനെ പോലെയും, കാളിദാസനെയും വയലാർ രാമവർമ്മയെ പ്പോലെയും ഉള്ള മിസ്റ്റിക്കുകളുടെ കൃതികൾക്ക് ലഭിക്കുന്ന അത്യപൂർവമായ സിദ്ധിയാണ് പുനർവായന.
ചില സാഹിത്യ സൃഷ്ടികളുടെ വായന അവസാനിച്ച ശേഷവും അതിലെ കഥാപാത്രങ്ങൾ നമ്മോടൊപ്പം ഏറെ നാൾ സഞ്ചരിക്കും ചിലപ്പോൾ പിന്നാലെ വന്നു തൊട്ടു വിളിക്കും, ചിലപ്പോൾ നമ്മുടെ മുന്നിലൂടെ നടന്നു പോകുന്നത് വ്യക്തമായി കാണാനാവും.

അത്തരത്തിൽ ചന്ദന നാഴി എന്ന കവിത സമാഹാരത്തിലെ ചന്ദന നാഴി എന്ന ശീർഷ കവിതയിലെ ചില കഥാപാത്രങ്ങൾ , ടീച്ചറിന്റെ കാവ്യ പൂർണ്ണിമ എന്ന ഗ്രന്ഥത്തിലൂടെ നമ്മുടെ മുന്നിൽ വീണ്ടും പുനർജ്ജനിക്കുന്നത് കാണാനാവും.

ഭാഗപത്രത്തിലൊപ്പിട്ടു,നേരിൽ കോവിലകം പലതായി പകുക്കാൻ
ഒന്നു ചേർന്നുനിന്നു തലമുറകൾ പിന്നെ പല പാടുമായി പിരിയാൻ .

കുടുംബ സ്വത്ത് അനന്തരാവകാശികൾക്ക് ഭാഗം വച്ച് കൊടുത്തു പിരിയുന്ന ഒരു സമ്പ്രദായത്തെയും, അത് നോക്കിക്കാണുന്ന ഇളം തലമുറയിലെ ഒരു കുട്ടിയും, ആ കുട്ടിയുടെ ചോദ്യങ്ങളും , പിരിമുറുക്കങ്ങളും ഒരു ഭാഗത്തും . ഭാഗം വെച്ച് കുടുംബാവകാശികൾക്ക് നൽല്കിയ ശേഷം
ഇളംതലമുറ ചോദ്യത്തോട് വളരെ ലളിതമായ ഉത്തരവുമായി നിൽക്കുന്ന കാരണവർ വേറൊരു ഭാഗത്തും, നിലവിളക്കിന്റെ തെളിഞ്ഞ പ്രകാശത്തിനരികിൽ മുക സാക്ഷി പോലെ ഒരു ചന്ദന നാഴിയും ഒക്കെ വീണ്ടും കാവ്യ പൂർണിമയിലൂടെ നമ്മുടെ മുന്നിൽ അനാവരണം ചെയ്യപ്പെടുകയാണ് ശാന്ത തുളസി എന്ന അതുല്യ പ്രിതിഭ .

ഒന്നാം തലമുറയ്ക്കും രണ്ടാംതലമുറയ്ക്കും മൂന്നാം തലമുറയ്ക്കും അതിൻ്റെ ശാഖകൾക്കും ഒക്കെ കുടുംബ സ്വത്ത് ആയ ഇരുപ്പൂ നെൽ പാടങ്ങളും തോട്ടവും കുളവും കരിമ്പു പാടവും ശർക്കരമാവും മുത്തശ്ശിമാവും ആലും ഇലഞ്ഞിയും ചേർന്ന പ്രദേശവും ആയിരപ്പറ നെല്ലും നാഗഫണം നിധി കാക്കുന്ന ചിത്രത്താലും ഒക്കെ ഭാഗം വെയ്ക്കലിനൊടുവിൽനിവർന്നുനിന്ന് തലമുറകളിൽ പെട്ട എല്ലാവരോടുമായി പറയുന്ന ഹൃദയസ്പർശിയായ ഒരു സംഭാഷണം ഉണ്ട്. ‘നല്ലതെല്ലാം നിങ്ങൾ ഏറ്റുകൊൾക. ‘
അത് കേൾക്കുന്ന സഹൃദയനായ ഓരോ വായനക്കാരലിനും വായന ഒരു നേർത്ത നോവുതീർക്കും. ഒടുവിൽ സ്വത്തുക്കൾ എല്ലാം അന്യമായി തീരുന്നത് കണ്ടുനിൽക്കുന്ന
ഇളം തലമുറയിലെ ഒരു കുട്ടി കാരണവരായ അമ്മാവനോട് ചോദിക്കുന്ന പ്രതിഷേധത്തിന്റെ, പരിഭവത്തിന്റെ, കലഹത്തിന്റെ ഒരു ചോദ്യമുണ്ട് ,എന്തിനി ബാക്കി അമ്മാവനുള്ളു?മറുപടിയായി കത്തിച്ചുവച്ച നിലവിളക്ക് സാക്ഷിയായി തിളങ്ങുന്ന ചന്ദന നാഴിയിലേക്ക് നോക്കി കുടുംബക്കാരണവർ ഈ ചന്ദന നാഴി എനിക്കുപോരും. എന്ന പതിഞ്ഞ ഒരു മന്ത്രണം, ഇളം തലമുറയിൽ പെട്ടആ കുട്ടിയിലൂടെ നിരർഗ്ഗളം തലമുറ തലമുറകൾക്ക് ഉള്ള ഒരു അർത്ഥവത്തായ ഗുരു ശാസനം പോലെ കവിതയിൽ തിളങ്ങി നിൽക്കുന്നു.

അതുമതി എനിക്ക് അന്നന്നത്തെ ഭക്ഷണത്തിനുള്ള അരി അളന്നെടുക്കാനും ചന്ദനം ഉരച്ച്ദേഹ ശുദ്ധി വരുത്താനും കുറി തൊടാനും എനിക്കിത് തന്നെ ധാരാളം മതി എന്ന് പറയുന്ന കാരണവരും ചന്ദന നാഴിയും , പിണങ്ങി നിൽക്കുന്ന ഇളന്തലമുറയിലെ കുട്ടി യേയും മറന്ന് സഹൃദയനായ ഒരു വായനക്കാരനും ഒഴിഞ്ഞു നടക്കാനാവില്ല.ഉരഞ്ഞു തീരുന്ന ,വിശുദ്ധിയും സുഗന്ധവും നിറഞ്ഞ ചന്ദന നാഴിയോടാണ് കവി ജീവിതത്തെ ഉപമിക്കുന്നത് അത്തരത്തിൽ ഉരഞ്ഞു തീരുന്ന ഒന്നാണ് ജീവിതം എന്നും ശാശ്വതമായി ഇവിടെ ഒന്നും നിലനിൽക്കുന്നില്ല എന്നും ജീവിതത്തിൽമനുഷ്യ മോഹങ്ങളെല്ലാം നൈമിഷികം ആണെന്നും ജീവിതം നശ്വരമാണെന്നും ചന്ദനനാഴിയിലൂടെ ഇവിടെ വീണ്ടും ഓർമ്മപ്പെടുത്തുകയാണ് കവി ,വരും തലമുറകളിൽ ഉണ്ടാകേണ്ട മൂല്യങ്ങളെയും നന്മകളെയും കവിഇവിടെ കൂട്ടിച്ചേർക്കുന്നുണ്ട്.

ഭാഗം വെക്കലും പിരിഞ്ഞു പോകലും തുടങ്ങിയ മനുഷ്യൻറെ കേവല മോഹങ്ങൾക്ക് നേരെ നോക്കി പിണങ്ങി നിൽക്കുന്ന ,ആ വ്യവസ്ഥതിയോട് കലഹിച്ചു നിൽക്കുന്ന കുട്ടി എന്നും ജീവിച്ചു കൊണ്ടിരിക്കുന്നു.
മഹാകവി പി. കുഞ്ഞിരാമൻ നായർ പറഞ്ഞപോലെ സാമ്പ്രദായികതയോട് സർഗാത്മകമായി കലഹിക്കുന്നവനാകണം കവിയും, കവിതയും.

സാമ്പ്രദായികതയോട് അന്നും ഇന്നും കലഹിക്കുന്ന ആ കുട്ടിയെയാണ് ശരിക്കും കവിതയുടെ ലോകത്ത് നമ്മുടെ പ്രിയപ്പെട്ട പ്രഭാവർമ്മ എന്ന കവിയിലൂടെ നാം നോക്കി കാണുന്നത്.

പ്രഭാവർമ്മ ക്കവിതകളെ കുറിച്ച് നമ്മുടെ വായിച്ചറിവുകൾക്കപ്പുറത്തേക്ക് ഒരു തലം കൂടിയുണ്ടെന്ന് കാണിച്ചു തരുന്ന ,കവിതയുടെ പൂർണ്ണതലത്തിലേക്ക്, ആഴത്തിലേക്ക് നമ്മെ കൂട്ടി പോകുന്ന തരത്തിലുള്ള ഒരു പഠന ഗ്രന്ഥമാണ് കാവ്യപൂർണമ എന്ന ടീച്ചറിന്റെ ഈ ഗ്രന്ഥത്തെ വിലയിരുത്തേണ്ടതുണ്ട്.

വ്യത്യസ്തമായ പ്രഭാവർമ്മ ക്കവിതകളുടെ ആഴ്ന്ന പഠനം തന്നെയാണ് ഇവിടെ നടന്നിരിക്കുന്നത് ഓരോ കവിതകളുടെയും ഇമോഷൻസ് എക്സ്പീരിയൻസ് ഐഡിയാസ്
ഇമേജിനേഷൻ എല്ലാം വ്യക്തമായിത്തന്നെ നമ്മളിലേക്ക് എത്തിക്കാൻ ടീച്ചർ ബദ്ധശ്രദ്ധ ആയിട്ടുണ്ട് ഈ പുസ്തകത്തിൽ . അവരുടെ എഴുത്തിൽ നിന്നും നമുക്ക് വ്യക്തമായി മനസ്സിലാകും.

‘മുല്ല പൂക്കുന്നു നാം കാണ്മ തില്ലെങ്കിലും’ ഇന്ന് ഉദാത്തമായ ഒരു പ്രണയ കവിതയുടെ ആവിഷ്കരണത്തിലൂടെ ശ്രീ. പ്രഭാവർമ്മ പ്രണയത്തിൻറെ ഒരു മാസ്മരിക ലോകം ജോൺ കീറ്റ്സിനെ പോലെ നമ്മുടെ മുന്നിൽ പണിതിടുമ്പോൾ ആ കവിതയുടെ പ്രപഞ്ച നീലിമയിൽ മഞ്ഞു പെയ്യിക്കുകയാണ് കാവ്യപൂർണിമ എന്ന പഠന ഗ്രന്ഥത്തിലൂടെ കവിയത്രി.

ഒരു ആഴക്കടൽ സഞ്ചാരം പോലെ ആഴങ്ങളിലേക്കു പോയി മുത്തും പവിഴങ്ങളും പെറുക്കിയെടുത്ത് നമുടെവായനയുടെ കരയിൽ വയ്ക്കുകയാണ് എഴുത്തുകാരി ഇവിടെ ചെയ്യുന്നത് ഉദാഹരണത്തിന് ദൈവാംശുനാഥൻ്റെ സ്നേഹം കുടിച്ചു മരിച്ചവൾ തുടങ്ങി , വായനയുടെ തീരത്ത് നിന്ന് നമുക്ക് പെറുക്കി എടുക്കാനാകും .

ശ്രീമതി ശാന്ത തുളസിധരൻ എന്ന എഴുത്തുകാരിയുടെ കാവ്യ പൂർണ്ണിമ എന്ന ഈ പുസ്തകത്തിൻറെ വായനക്കൊടുവിൽ നമുക്ക് ചില തിരിച്ചറിവുകൾ കൂടി ഉണ്ടാകുന്നു . കവിതയെ കുറിച്ച് കവിതയുടെ ലോകത്തെക്കുറിച്ച് പുതിയ പുതിയ തിരിച്ചറിവുകൾ.

ശ്രീ.പ്രഭാവർമ്മയുടെ ആദ്യകാല കവിതകളിലൂടെ എന്താണ് കവിത എന്ന് ഒരു ബോധം കൂടുതൽ നമ്മളിൽ ഉണ്ടാകുന്ന പോലെ തോന്നുന്നു. കവിത തിരിച്ചറിവാണ്, വിങ്ങലിന്റെ പുഴ കടവ് . ആത്മപൂരിതമായ ഒരു പ്രാർത്ഥന. വിഭ്രാന്തിയുടെ കാണാക്കയങ്ങൾ. പൊരുൾ തേടുന്ന സംന്യാസയാത്ര. ആഴിയുടെ സ്വപ്ന ശാന്തത. സംസ്കാരത്തിൻ്റെ മഴ യൂറ്റുകൾ . ചരിത്ര കവാടത്തിലെ ഓർമ്മക്കുറിപ്പുകൾ . കവിത സാഗരം. ചിന്തയുടെ സാഗരം.

പ്രഭാവർമ്മ എന്ന കാലം നമുക്ക് സമ്മാനിച്ച കവിയും ഒപ്പം വീണ്ടും കാലം മുറിച്ച് കടക്കുന്ന വായനയിലൂടെ നമ്മെ ഓർമ്മിപ്പിക്കുന്ന ശ്രീമതി. ശാന്ത തുളസി ധരൻ എന്ന എഴുത്തുകാരിയും ‘ കാവ്യ പൂർണ്ണിമ ‘ എന്ന കൃതിയും നമ്മുടെ മുന്നിൽ കലാതീതമായി സഞ്ചരിച്ചുകൊണ്ടേയിരിക്കും .

തയ്യാറാക്കിയത് – റഷീദ് ചുള്ളിമാനൂർ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button