ചേറ്റൂർ ശങ്കരൻ നായർ അനുസ്മരണവും ചരിത്ര സെമിനാറും.

ചേറ്റൂർ ശങ്കരൻ നായർ ഫൗണ്ടേഷന്റെയും തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജ് ചരിത്രവിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച നടക്കുന്ന ചരിത്ര സെമിനാർ ബഹു:കേരളാ നിയമസഭാ സ്പീക്കർ ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഉപദേഷ്ടാവുമായിരുന്ന ശ്രീ ടി.കെ.എ. നായർ IAS, മുഖ്യ പ്രഭാഷണം നടത്തും. കേരള സർവകലാശാലാ മുൻ പി.വി.സി. ഡോ.ജെ.പ്രഭാഷ് “ഇന്ത്യൻ ഭരണഘടനയും ജനാധിപത്യത്തിന്റെ യും സ്വാതന്ത്ര്യത്തിന്റയും മാറുന്ന മുഖവും” എന്ന വിഷയത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കും. “ഇന്ത്യൻ ഭരണഘടന രൂപം കൊള്ളുന്നതിൽ ചേറ്റൂർ ശങ്കരൻ നായരുടെ സംഭാവന” എന്ന വിഷയത്തെക്കുറിച്ച്
ഡോ.N. ഗോപാകുമാരൻ നായർ പ്രബന്ധം അവതരിപ്പിക്കും.
മലയാള മനോരമ സീനിയർ സബ് എഡിറ്റർ ആർ ശശി ശേഖർ , മാതൃഭൂമി സീനിയർ റിപ്പോർട്ടർ പി കെ മണികണ്ഠൻ എന്നിവർ ചർച്ചകൾ നയിക്കും
കോളേജ് പ്രിൻസിപ്പൽ ഡോ. ചിത്ര.ടി. നായർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ
ഡോ. സ്വപ്ന കുമാർ, ചേറ്റൂർ ശങ്കരൻ നായർ ഫൗണ്ടേഷൻ സെക്രട്ടറി പ്രൊഫ. എസ്. രാജശേഖരൻ നായർ എന്നിവർ പങ്കെടുക്കും.

ചേറ്റൂർ ശങ്കരൻ നായർ
1897ൽ മഹാരാഷ്ട്രയിലെ അമരാവതിയിൽ നടന്ന അഖിലേന്ത്യാ കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ചേറ്റൂർ ശങ്കരൻ നായർ ആ പദവി വഹിച്ച ഏക മലയാളിയാണ്.
ഇന്ത്യൻ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന്റെ അധ്യക്ഷനായി 1908ലും 1924 ലും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ അംഗം എന്ന നിലയിൽ വിദ്യാഭ്യാസം അടക്കം 33 വകുപ്പുകളുടെ സ്വതന്ത്ര ഭരണ ചുമതല ലഭിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ ആയിരുന്നു ശങ്കരൻ നായർ.
1919 ലെ ജാലിയൻവാലാ ബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് വൈസ്രോയിയുടെ കൗൺസിൽ അംഗത്വം രാജിവച്ച അദ്ദേഹം ഷിംലയിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയിലും ഡൽഹിയിൽ നിന്ന് മദ്രാസിലേക്ക് യാത്ര ചെയ്യുന്നതിനിടയിലും പതിനായിരക്കണക്കിന് ഇന്ത്യക്കാർ യാത്രാവഴിയിൽ അദ്ദേഹത്തെ ഒരു നോക്ക് കാണാനായി കാത്തു നിന്നു.
ശങ്കരൻ നായർ എഴുതിയ ‘ഗാന്ധിയും അരാജകത്വവും’ എന്ന കൃതിയിൽ പഞ്ചാബിലെ കൂട്ടക്കുരുതിക്ക് വഴിയൊരുക്കിയത് പഞ്ചാബ് ഗവർണർ ആയിരുന്ന മൈക്കിൾ ഓ ഡയർ ആണ് എന്ന് രേഖപ്പെടുത്തിയതിനെതിരെ മൈക്കിൾ ഓ ഡയർ ഇംഗ്ലണ്ടിൽ കേസ് കൊടുത്തു.
ഈ കേസ് ബ്രിട്ടീഷ് കോമൺവെൽത്ത് രാജ്യങ്ങളിൽ മുഴുവൻ ചർച്ച ചെയ്യപ്പെടുകയും പുറംലോകം അറിയാതിരുന്ന പഞ്ചാബ് കൂട്ടക്കൊല ലോക മനസ്സാക്ഷിയെ ഞെട്ടിക്കുകയും ചെയ്തു.
ഈ സംഭവമാണ് ഹിന്ദി സിനിമയായി അടുത്തകാലത്ത് പുറത്തുവന്ന് ദേശീയ ശ്രദ്ധ ആകർഷിച്ചത്.
ഹരിയാന തിരഞ്ഞെടുപ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി ശങ്കരൻ നായരെ കുറിച്ച് പ്രസംഗിച്ചതോടെ ശങ്കരൻ നായർ വീണ്ടും മലയാളികളുടെ ഓർമ്മയിൽ മടങ്ങിയെത്തി.
ജീവിച്ചിരുന്ന കാലത്ത് ഏറ്റവും മഹാനായ മലയാളിയായിരുന്നു ശങ്കരൻ നായർ. അദ്ദേഹം 1857ൽ പാലക്കാട് മങ്കരയിൽ ജനിച്ചു. 1934 ഏപ്രിൽ മാസം 24 ആം തീയതി മദ്രാസിൽ വച്ച് അന്തരിച്ചു.
1919ലെ ഇന്ത്യൻ നിയമവും1935ലെ ഇന്ത്യൻ നിയമവും ഇന്ത്യൻ താത്പര്യങ്ങൾക്ക് അനുകൂലമാക്കി മാറ്റുന്നതിൽ ശങ്കരൻ നായർ ഒറ്റയ്ക്ക് വഹിച്ച പങ്ക് നിസ്തുലം.
ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിന്റെയും ഇന്ത്യൻ റിപ്പബ്ലിക്കിന്റെയും സ്ഥാപക പിതാക്കന്മാരിൽ പ്രാതസ്മരണീയരീൽ ഒരാളാണ് ചേറ്റൂർ സർ.ശങ്കരൻ നായർ.



