
ശബരിമല പമ്പയിലെ ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍. ‘അത് യാദൃശ്ചികമായി സംഭവിച്ചത് ആകാനിടയില്ല. ഇതുവരെ കേടാകാത്ത വാല്‍വ് സ്വയം അടയില്ലല്ലോ ?. ആരെങ്കിലും അടച്ചെങ്കിലല്ലേ വാല്‍വ് അടയുകയുള്ളൂ’ എന്നും കെ ജയകുമാര്‍ പറഞ്ഞു.
‘വാല്‍വ് ആരോ അടച്ചതാണ്. അത് യാദൃശ്ചികമായോ തെറ്റിയോ ചെയ്തതാണെന്ന് തോന്നുന്നില്ല. അത് പരിശോധിക്കുന്നുണ്ട്. ഒരു ക്രൈസിസിലേക്ക് നയിക്കാന്‍ അതുമതി. ശുചിമുറികളില്‍ വെള്ളമില്ല എന്നു വന്നാല്‍ മാധ്യമങ്ങള്‍ അടക്കം വാര്‍ത്തയാക്കില്ലേ ?. അതിനാല്‍ ഇപ്പോള്‍ ഗാര്‍ഡുകളെ നിയോഗിച്ചിട്ടുണ്ട്. വിമുക്ത ഭടന്മാരെയും സിസിടിവി കാമറകളും വെച്ചിട്ടുണ്ട്. പൊലീസിനും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.’
‘ഇവിടെ വരുന്ന അയ്യപ്പന്മാര്‍ സുഗമമായി ദര്‍ശനം നടത്തണമെന്നും, അവര്‍ ചൂഷണം ചെയ്യപ്പെടുന്നില്ലെന്നും ഉള്ള നല്ല ഉദ്ദേശം മാത്രമേ ദേവസ്വം ബോര്‍ഡിന് ഉള്ളൂ. അത്യാവശ്യം അരവണയൊക്കെ വാങ്ങി സുഗമമായി ദര്‍ശനം നടത്തി പോകണമെന്നാണ് ഇവിടെ വരുന്ന ഭക്തരുടെ ആഗ്രഹം. ഇത്തവണ ശര്‍ക്കരയൊക്കെ ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് വാങ്ങിച്ചതിന്റെ ഗുണവും അരവണയുടെ ക്വാളിറ്റിയിലുണ്ട്. സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയും ബോര്‍ഡിനുണ്ടെന്നും’ കെ ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ശബരിമലയിൽ പമ്പയിലെ ഇരുന്നൂറോളം ശുചിമുറികളിലേക്കുള്ള ജലവിതരണമാണ് തടസ്സപ്പെട്ടത്. പമ്പയിലേക്ക് വെള്ളം കൊണ്ടുവരുന്ന പ്രധാന വാൽവുകൾ ആരോ അടച്ചിട്ടതായി പരിശോധനയിൽ കണ്ടെത്തി. പൊലീസ് മെസ്സിലേക്ക് ഉൾപ്പെടെയുള്ള ജലവിതരണമാണ് തടസ്സപ്പെട്ടത്. ശുചിമുറികളുടെ നടത്തിപ്പ് കരാർ നൽകുന്നത് ഒഴിവാക്കി ഇത്തവണ മുതൽ ദേവസ്വം ബോർഡ് ശുചിമുറികൾ തീർത്ഥാടകർക്കായി സൗജന്യമാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണോ ജലവിതരണം തടസ്സപ്പെടുത്തിയതെന്നാണ് സംശയിക്കുന്നത്. നേരത്തെ ചിത്തിര ആട്ടവിശേഷത്തിനും സമാനമായ രീതിയിൽ ശുചിമുറികളിലേക്കുള്ള വെള്ളം തടസ്സപ്പെട്ടിരുന്നു.



