
ഗാന്ധി കുടുംബത്തിനെതിരെ അപകീർത്തികരമായ സോഷ്യൽമീഡിയ പോസ്റ്റുകൾ പങ്കുവച്ച ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരെ കേസ്. ഷിംല പൊലീസാണ് കേസെടുത്തത്. മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, രാജീവ് ഗാന്ധിയുടെ സഹോദരൻ സഞ്ജയ് ഗാന്ധി എന്നിവരുടെ മരണത്തെക്കുറിച്ച് കങ്കണയുടെ പോസ്റ്റുകളിൽ പ്രകോപനപരമായ പരാമർശങ്ങൾ ഉണ്ടെന്ന് ആരോപിച്ച് ഷിംല സ്വദേശിയായ അതുൽ ശർമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ഫയൽ ചെയ്തത്.
വെള്ളിയാഴ്ചയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് ഷിംല പൊലീസ് സൂപ്രണ്ട് ഗൗരവ് സിംഗ് സ്ഥിരീകരിച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് കങ്കണ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിട്ടത്. സോണിയ ഗാന്ധിയുടെ ‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’ എന്ന ഓർമക്കുറിപ്പ് പുസ്തകം പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു കങ്കണയുടെ പോസ്റ്റ്.
നെഹ്റു – ഗാന്ധി കുടുംബത്തിലേക്ക് ഒരു വിദേശ വനിത കടന്നുവന്നത് ദുരൂഹമാണെന്നും ഇന്ദിരാ ഗാന്ധി, സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മരണം യാദൃശ്ചികമല്ലെന്നും അനന്തരാവകാശികൾ ഇല്ലാതായതോടെ അധികാരം സോണിയ ഗാന്ധിയിലേക്ക് എത്തിയെന്നും കങ്കണ ഇൻസ്റ്റഗ്രാമിലൂടെ ആരോപിച്ചു. ‘എത്ര സൗകര്യപ്രദം’ എന്ന പരാമർശത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.
സഞ്ജയ് ഗാന്ധിയുടെ മരണശേഷം മേനക ഗാന്ധിയെയും മകനെയും കുടുംബവീട്ടിൽ നിന്ന് പുറത്താക്കിയതിനെക്കുറിച്ചും കങ്കണ പരാമര്ശിച്ചിരുന്നു.രാഷ്ട്രീയ വിമർശനത്തിനപ്പുറം പ്രകോപനപരമായ കാര്യങ്ങൾ പ്രചരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പോസ്റ്റുകളെന്ന് ശർമ ആരോപിച്ചു. സാമുദായിക, ദേശീയ ഐക്യത്തിന് തുരങ്കം വയ്ക്കുന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ കങ്കണ പ്രചരിപ്പിച്ചതായും പരാതിയിൽ പറയുന്നു.



