
മലപ്പുറത്ത് വീണ്ടും ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. അങ്ങാടിപ്പുറത്ത് നാല് വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഈ മാസം മാത്രം ജില്ലയിൽ ഷിഗല്ല ബാധിച്ചവരുടെ എണ്ണം 12 ആയി. കുട്ടി നിലവിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചു.
നേരത്തെ അമരമ്പലം, ചുങ്കത്തറ, ഏലംകുളം തുടങ്ങിയ പ്രദേശങ്ങളിലും ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അങ്ങാടിപ്പുറം പഞ്ചായത്തിലും രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. പ്രദേശത്തെ ജലസ്രോതസ്സുകളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. പ്രദേശത്ത് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, പഴകിയ ഭക്ഷണങ്ങൾ ഒഴിവാക്കുക, വ്യക്തിശുചിത്വം പാലിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. പനി, വയറിളക്കം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



