കടലാക്രമണം തടയുന്നതിനാവശ്യമായ ജിയോബാഗുകൾ സജ്ജീകരിക്കും – സി പി ജോൺ

തിരുവനന്തപുരം മണ്ഡലത്തിലെ തീരദേശ കാലവർഷ മുന്നൊരുക്കം, ഗതാഗത വകുപ്പ് മന്ത്രി ശ്രീ സി പി ജോൺ ഉന്നതല അവലോകന യോഗം നടത്തി.
തിരുവനന്തപുരം മണ്ഡലത്തിലെ തീരദേശ മേഖലയിൽ കാലവർഷ മുന്നൊരുക്കം ഏകോപിപ്പിക്കുന്നത് സംബന്ധിച്ച് നിയോജകമണ്ഡലം എംഎൽഎ കൂടിയായ ഗതാഗത വകുപ്പ് മന്ത്രി ശ്രീ സി പി ജോൺ, നഗരസഭ മേയർ ശ്രീ വി വി രാജേഷിന്റെ സാന്നിധ്യത്തിൽ ഉന്നതതല അവലോകനയോഗം നടത്തി.
കടലാക്രമണം തടയുന്നതിനാവശ്യമായ ജിയോബാഗുകൾ സജ്ജീകരിക്കുന്നതിനും ആവശ്യമായ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് മന്ത്രി നിർദേശം നൽകി.
തിരുവനന്തപുരം കോർപ്പറേഷന്റെ ഭാഗത്തു നിന്നും ഇക്കാര്യത്തിൽ പൂർണ്ണ സഹകരണമുണ്ടാകുമെന്ന് മേയർ ശ്രീ വി വി രാജേഷ് ഉറപ്പ് നൽകി.
ഡെപ്യൂട്ടി മേയർ ശ്രീമതി ആശാനാഥ്, തിരുവനന്തപുരം നിയോജകമണ്ഡലപരിധിയിൽ ഉൾപ്പെടുന്ന കൗൺസിലർമാർ, ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ മുതലായവർ യോഗത്തിൽ പങ്കെടുത്തു.



