NationalNews

ഡൽഹിയിലെ താമസം സംബന്ധിച്ച രേഖകൾ ഹാജരാക്കണം, സൗരവ് ദാസിനോട് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്

സമാധാന ബോണ്ട് നടപടികളുടെ ഭാഗമായി സിജെപി വക്താവ് സൗരവ് ദാസിനോട് ഡൽഹിയിലെ താമസം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നിർദ്ദേശം നൽകി. നിലവിലെ താമസം വ്യക്തമാക്കുന്ന വാടകച്ചീട്ടോ മറ്റ് ഔദ്യോഗിക രേഖകളോ ഉടൻ സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യപ്പെട്ട രേഖകൾ എത്രയും വേഗം അധികൃതർക്ക് മുന്നിൽ സമർപ്പിക്കാമെന്ന് സൗരവ് ദാസ് അറിയിച്ചിട്ടുണ്ട്. വിഷയം കൂടുതൽ പരിശോധിക്കുന്നതിനായി കേസ് പരിഗണിക്കുന്നത് അടുത്തമാസം 17-ലേക്ക് മാറ്റി. വോട്ടർപട്ടിക പരിഷ്കരണത്തിൽ ക്രമക്കേടുകൾ ആരോപിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടി പ്രവർത്തകരും മാധ്യമപ്രവർത്തകനായ സൗരവ് ദാസും ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു.

പ്രതിഷേധങ്ങൾ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന നിരീക്ഷണത്തിൽ, ഡൽഹി പോലീസ് സ്വീകരിച്ച മുൻകരുതൽ നടപടികളുടെ ഭാഗമായി സൗരവ് ദാസിൽ നിന്നും മറ്റ് പ്രവർത്തകരിൽ നിന്നും ഒക്ടോബർ 10-ന് നല്ല രീതിയിൽ പെരുമാറുമെന്നും പൊതുസമാധാനം ലംഘിക്കില്ലെന്നും ഉറപ്പുനൽകുന്ന സമാധാന ബോണ്ട് (Peace Bond) ഒപ്പുവെപ്പിച്ചു. എന്നാൽ ഒക്ടോബർ 13, 14 തീയതികളിൽ ബോണ്ട് വ്യവസ്ഥകൾ ലംഘിച്ച് നിരോധിച്ച മേഖലയിലൂടെ കടന്ന് ജന്തർ മന്തറിൽ പ്രതിഷേധം നടത്തുകയും ദേശീയ പതാക ഉയർത്തുകയും ചെയ്തെന്നാരോപിച്ച് സൗരവ് ദാസിനെയും സഹപ്രവർത്തകരെയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത് തിഹാർ ജയിലിലടക്കുകയായിരുന്നു.

ജാമ്യ നടപടികളുടെയും സമൻസ് നടപടികളുടെയും ഭാഗമായി സമർപ്പിച്ച രേഖകളിൽ ഡൽഹിയിലെ നിലവിലെ മേൽവിലാസം തെളിയിക്കുന്ന വാടകച്ചീട്ടോ മറ്റ് ലീസ് രേഖകളോ പൂർണ്ണമല്ലെന്ന് മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടി. തുടർന്ന്, ഡൽഹിയിലെ താമസം തെളിയിക്കുന്ന കൃത്യമായ രേഖകൾ ഹാജരാക്കാൻ സൗരവ് ദാസിന് നിർദ്ദേശം നൽകുകയും കേസ് അടുത്ത മാസം 17-ലേക്ക് മാറ്റുകയുമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button