
സ്വകാര്യവാഹനം ഔദ്യോഗിക വാഹനമായി ഉപയോഗിക്കാൻ അനുമതി തേടിയ അഞ്ച് മന്ത്രിമാർക്കും സർക്കാർ അനുമതി നൽകി. മന്ത്രി കെ.എം. ഷാജി സ്വകാര്യവാഹനം ഔദ്യോഗിക വാഹനമായി ഉപയോഗിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് പൊതുഭരണവകുപ്പ് ഇതുസംബന്ധിച്ച വ്യക്തതയും ഉത്തരവും നൽകിയിരിക്കുന്നത്.
മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, വി.ഇ. അബ്ദുൽ ഗഫൂർ, പി.കെ. ബഷീർ, കെ.എം. ഷാജി എന്നിവരുടെ അപേക്ഷകളിലാണ് സർക്കാർ തീരുമാനമെടുത്തത്. ഇതിൽ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് 3 സ്വകാര്യവാഹനങ്ങളിൽ ഔദ്യോഗിക നബർപ്ലേറ്റ് പതിച്ച് ഉപയോഗിക്കാൻ പൊതുഭരണവകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.
ഔദ്യോഗിക നമ്പർപ്ലേറ്റ് വെച്ച് വാഹനം ഉപയോഗിക്കാമെങ്കിലും ഇന്ധനച്ചെലവും അറ്റകുറ്റപ്പണി ഉൾപ്പെടെയുള്ള മറ്റു ചെലവുകളും സർക്കാർ വഹിക്കില്ല. കൂടാതെ, മന്ത്രി യാത്ര ചെയ്യുമ്പോൾ മാത്രമേ സ്വകാര്യവാഹനത്തിൽ ഔദ്യോഗിക നമ്പർ പ്ലേറ്റ് സ്ഥാപിക്കാവൂ എന്നും ഉത്തരവിലുണ്ട്.



