KeralaNews

മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും അതൃപ്തി; ബേക്കറി വഴി വീര്യം കൂടിയ വൈൻ വിൽക്കാനുള്ള തീരുമാനം റദ്ദാക്കും

വൻവിവാദത്തെ തുടർന്ന് ബേക്കറി വഴി 15 ശതമാനം വീര്യമുള്ള ഹോർട്ടിവൈൻ വില്പനക്ക് അനുമതി നൽകിയ തീരുമാനം റദ്ദാക്കാൻ സർക്കാർ. മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും അറിയാതെ ബേക്കറിക്ക് ഹോര്‍ട്ടി വൈൻ വിൽക്കാൻ എക്സൈസ് കമ്മീഷണര്‍ ലൈസന്‍സ് അനുവദിച്ചതിനാലാണ് നടപടി. നികുതി സെക്രട്ടറിയോട് നിയമോപദേശം തേടാൻ മന്ത്രിയുടെ നിർദ്ദേശം നല്‍കി. അബ്കാരി വിഭാഗത്തിന്‍റെ ചുമതലയുള്ള ഡെപ്യൂട്ടി കമ്മീഷണറെ മാറ്റും.

കേരളത്തിൽ ഇതാദ്യമായാണ് ബേക്കറി വഴിയുള്ള ഹോർട്ടിവൈൻ വില്പനക്ക് അനുമതി നൽകിയത്. പഴങ്ങളിൽ നിന്ന് നിർമ്മിക്കുന്ന വൈനിൻ്റെ വില്പനക്ക് ആദ്യ അനുമതി ചാലക്കുടിയിലെ എംആര്‍സി ബേക്കറിക്കാണ് നൽകിയത്. 15.5 ശതമാനം വീര്യമുള്ള ഹോര്‍ട്ടി വൈൻ ഉത്പാദനത്തിന് അനുമതി നൽകിയത് ഇടതു സര്‍ക്കാര്‍. 2022 -23 ലെ മദ്യ നയ പ്രകാരമായിരുന്നു നടപടികള്‍. ഇതിനായി 2022 ൽ സ്മാള്‍ സ്കെയിൽ വൈനറി റൂള്‍സ് ഉണ്ടാക്കി. സാധാരണ വൈനിന് പോലെ 86 ശതമാനം നികുതി ചുമത്തി നിയമ ഭേദഗതി കൊണ്ടുവന്നു. ഉത്പാദനത്തിന് അപേക്ഷകള്‍ കിട്ടി. അടുത്ത പടിയായി ബെവ്കോ ഷോപ്പുകള്‍ അല്ലാതെ പുറത്ത് വിൽക്കാനുളള അനുമതി കൊടുത്ത് ചട്ടം ഭേദഗതി ചെയ്തു. 100 ചചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള വിൽപന ശാലകള്‍ക്ക് ഫീസ് അടച്ച് അനുമതി നേടാമെന്നായിരുന്നു. 2025 സെപ്തംബറിൽ 10 ചതുരശ്ര മീറ്ററായി ചുരുക്കി. എന്നാൽ ഇതിന് വിൽപനാനുമതി തേടി അപേക്ഷയെത്തിയത് ഈ സര്‍ക്കാരിന്‍റെ കാലത്താണ്. ജൂണിൽ കിട്ടിയ അപേക്ഷ അംഗീകരിച്ചാണ് ചാലക്കുടിയിൽ വിൽപനാ നുമതി നൽകിയത്. എന്നാല്‍, ഇത് സര്‍ക്കാര്‍ അറിഞ്ഞില്ല. വിവരം വാര്‍ത്തയിലൂടെ അറിയേണ്ട വന്ന എക്സൈസ് മന്ത്രി എം ലിജു കടുത്ത അതൃപ്തിയിലായി. മുഖ്യന്ത്രിയും അറിഞ്ഞില്ല.

ഇടത് സര്‍ക്കാരിന്‍റെ നിയമ ഭേദഗതിയെക്കുറിച്ച് നിയമോപദേശം തേടാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മന്ത്രി നിര്‍ദ്ദേശം നൽകി. ഒന്നും അറിഞ്ഞില്ലെന്ന സര്‍ക്കാര്‍ വാദത്തെ മുന്‍ എക്സൈസ് മന്ത്രി എം ബി രാജേഷ് ചോദ്യം ചെയ്തു. സര്‍ക്കാര്‍ അച്ചടക്ക നടപടിയുടെ സ്വരത്തിൽ നീങ്ങുമ്പോള്‍ ലൈസന്‍സ് നിയമപ്രകാരമെന്ന് നിലപാടിലാണ് എക്സൈസ് കമ്മീഷണറേറ്റ്. നയപ്രശ്നത്തില്‍ കുരുങ്ങി നില്‍ക്കുകയാണ് സര്‍ക്കാര്‍. വീര്യം കുറഞ്ഞ മദ്യ വിൽപന അനുമതി കൊടുക്കണയെന്ന തര്‍ക്കത്തിൽ നയപരമായ തീരുമാനത്തിന് യുഡിഎഫ് നിൽക്കെയാണ് ഹോര്‍ട്ടി വൈൻ വിൽപനാ അനുമതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button