
കാലാവധി പൂർത്തിയാക്കാൻ വർഷങ്ങൾ ബാക്കിനിൽക്കെ, കെഎസ് ഹംസ ചെയർമാനായ വഖഫ് ബോർഡ് ഭരണസമിതിയെ പിരിച്ചുവിട്ട യുഡിഎഫ് സർക്കാരിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിലവിലെ ഭരണസമിതിയെ കാലാവധി തീരുംമുമ്പ് പിരിച്ചുവിടാൻ വഖഫ് നിയമപ്രകാരം സംസ്ഥാന സർക്കാരിന് യാതൊരു നിയമപരമായ അധികാരവുമില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ലീഗ് നേതാവ് റഷീദലി തങ്ങൾ ചെയർമാനായ ബോർഡിനെ പിരിച്ചുവിടാതെ, കാലാവധി പൂർത്തിയാക്കാൻ അനുവദിച്ചിരുന്നു. എന്നാൽ അത്തരം ജനാധിപത്യ മര്യാദ കാട്ടാൻ യുഡിഎഫ് തയ്യാറായില്ലെന്ന് അദ്ദേഹം വിമർശിച്ചു.
പുതിയ വഖഫ് ഭേദഗതി നിയമപ്രകാരം ചില പ്രത്യേക വിഭാഗങ്ങളെ ഉൾപ്പെടുത്തി ബോർഡ് പുനഃസംഘടിപ്പിക്കുന്ന വിഷയമാണ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നത്. സുപ്രീം കോടതിയിലെ കേസ് പൂർത്തിയായ ശേഷം അക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന മുൻ സർക്കാരിന്റെ നിലപാടല്ല യു.ഡി.എഫ്. സ്വീകരിച്ചത്. കേന്ദ്ര വഖഫ് നിയമഭേദഗതിക്കെതിരെ കോടതിയിലുള്ള സംസ്ഥാനത്തിന്റെ നിലപാടുകളെ തകർക്കുന്നതാണ് പുതിയ സർക്കാരിന്റെ ഇത്തരത്തിലുള്ള നീക്കങ്ങൾ.
അമുസ്ലിങ്ങളെ വഖഫ് ബോർഡിലേക്ക് നിയമിക്കാമെന്ന അപകടകരമായ നിലപാടാണ് യുഡിഎഫ് സർക്കാർ തുടക്കത്തിൽ സ്വീകരിച്ചത്. എന്നാൽ ഈ സമുദായ വഞ്ചന കയ്യോടെ പിടിക്കപ്പെട്ടപ്പോൾ മാത്രമാണ് നിലപാടിൽ മാറ്റം വരുത്താൻ അവർ നിർബന്ധിതരായത്. അമുസ്ലിം പ്രാതിനിധ്യത്തെക്കുറിച്ച് പുതിയ ചെയർമാൻ നടത്തുന്ന പ്രസ്താവനകൾ അതീവ ഗൗരവമുള്ളതാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.



