
കോഴിക്കോട് നടക്കുന്ന ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേള മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ഈ മാസം 25 നാണ് 7 ദിവസം നീണ്ടുനിൽക്കുന്ന കായികമേളക്ക് മുഖ്യമന്ത്രി തിരികൊളുത്തുക. തിരുവനന്തപുരത്ത് നിന്നുള്ള ട്രോഫി പ്രയാണവും കാസർകോട് നിന്നുള്ള ദീപശിഖാ പ്രയാണവും ഈ മാസം 25 ന് രാവിലെ കോഴിക്കോട് ബീച്ചിൽ സംഗമിക്കും.
നഗരപ്രദക്ഷിണം നടത്തി മാർച്ച് പാസ്റ്റോടെ പ്രധാന വേദിയായ എൻ ഐ ടിയിൽ എത്തിച്ചേരും. ശേഷമാകും മുഖ്യമന്ത്രി മേളയുടെ ഉദ്ഘാടനം നിർവഹിക്കുക. സമാപന സമ്മേളനത്തിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയായിരിക്കും മുഖ്യാതിഥി.
വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ നേതൃത്വത്തിൽ ഇന്ന് സംഘാടക സമിതി അവലോകന യോഗം ചേർന്നാണ് ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനം കൈകൊണ്ടത്. ഒക്ടോബർ 25 മുതൽ 31 വരെയാണ് സംസ്ഥാന സ്കൂൾ കായികമേള നടക്കുക.



