KeralaNews

കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകം: സഹോദരനായി ലുക്കൗട്ട് നോട്ടീസ്

കോഴിക്കോട് ചേവായൂരിനടുത്ത് കരിക്കാംകുളത്ത് വാടകവീട്ടില്‍ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവില്‍ പോയ സഹോദരനെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തടമ്പാട്ടു താഴം മൂലക്കണ്ടി വീട്ടില്‍ പ്രമോദിനെ ( 63 ) കാണുന്നവര്‍ വിവരം പൊലീസിനെ അറിയിക്കണമെന്ന് ലുക്കൗട്ട് നോട്ടീസില്‍ നിര്‍ദേശിക്കുന്നു. സഹോദരിമാര്‍ മരിച്ചത് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.

ഇന്നലെയാണ് രണ്ടു സഹോദരിമാരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം പ്രമോദിനെ കാണാനില്ലായിരുന്നു. പ്രമോദിന് സുമാര്‍ 165 സെന്റിമീറ്റര്‍ ഉയരമുണ്ടെന്നും ഇരുനിറമാണെന്നും, മെലിഞ്ഞ ശരീരമാണെന്നും അടയാള വിവരങ്ങളായി ലുക്കൗട്ട് നോട്ടീസില്‍ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് ചേവായൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കൊലപാതകക്കേസിലെ പ്രതിയാണ് ഇയാളെന്നും നോട്ടീസില്‍ പറയുന്നു.

പ്രമോദിനായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തിവരികയാണ്. അവസാനമായി ടവര്‍ ലൊക്കേഷന്‍ കാണിച്ചത് ഫറോക്കിലായിരുന്നു. ഇതേത്തുടര്‍ന്ന് ഫറോക്കില്‍ വിശദമായ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രമോദ് മൊബൈല്‍ഫോണ്‍ ഫറോക്കില്‍ ഉപേക്ഷിച്ചശേഷം ട്രെയിന്‍ കയറി കടന്നുകളഞ്ഞിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം. സഹോദരിമാര്‍ മരിച്ച വിവരം പ്രമോദ് തന്നെയാണ് ബന്ധുക്കളെയും സുഹൃത്തിനെയും വിളിച്ച് അറിയിച്ചിരുന്നത്.

മൂഴിക്കല്‍ മൂലക്കണ്ടി ശ്രീജയ (71), പുഷ്പ (66) എന്നിവരെയാണ് മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവര്‍ അവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. വെള്ള തുണി പുതപ്പിച്ച് തലമാത്രം പുറത്തു കാണുന്ന നിലയില്‍ രണ്ടു മുറികളിലായിരുന്നു മൃതശരീരങ്ങള്‍. അസുഖബാധിതരായിരുന്നു ഇരു സഹോദരിമാരും. കൊലപാതകത്തിന് പിന്നിൽ പ്രമോദ് തന്നെയാകാമെന്ന പ്രാഥമിക നി​ഗമനത്തിലാണ് പൊലീസ് അന്വേഷണം പുരോ​ഗമിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button