KeralaNews

ശബരിമലയിൽ പ്രതിസന്ധി സൃഷ്ടിക്കാൻ ക്ഷുദ്രശക്തികളുടെ ശ്രമം, ഭക്ഷണത്തിൽ പോലും വിഷം ചേർക്കാൻ മടിക്കാത്തവരുണ്ടെന്ന് കെ മുരളീധരൻ

ശബരിമല തീർത്ഥാടന കാലത്ത് ബോധപൂർവ്വം പ്രതിസന്ധി സൃഷ്ടിക്കാൻ ചില ക്ഷുദ്രശക്തികൾ ശ്രമിക്കുന്നുണ്ടെന്നും ഭക്ഷണത്തിൽ പോലും വിഷം ചേർക്കാൻ കെൽപ്പുള്ളവർ ഇക്കൂട്ടത്തിലുണ്ടെന്നും ദേവസ്വം മന്ത്രി കെ മുരളീധരൻ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം ശബരിമലയിലെ ടോയ്‌ലറ്റിലെ വാൽവ് അടച്ചിട്ടതും ഇന്ന് പുലർച്ചെ ഒരാൾ ബഹളമുണ്ടാക്കിയതും അടക്കമുള്ള സംഭവങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്. പ്രശ്നങ്ങളുണ്ടാക്കുന്നതിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും, ടെൻഡർ ലഭിക്കാത്തവരും കച്ചവട താൽപര്യക്കാരുമാണ് ബഹളത്തിന് ഇറങ്ങിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് തന്നെ പൊലീസിനോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ഇന്റലിജൻസ് വിഭാഗത്തോട് വിഷയം സസൂക്ഷ്മം പരിശോധിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് ശബരിമലയിലെ എല്ലാ കാര്യങ്ങളും നടക്കുന്നതെന്നും ഇതുവരെയുള്ള ക്രമീകരണങ്ങളിൽ താൻ പൂർണ്ണ സംതൃപ്തനാണെന്നും മന്ത്രി പറഞ്ഞു. ദേവസ്വം ബോർഡും സർക്കാരും തമ്മിൽ ഭിന്നതയുള്ളതിനാൽ പ്രതിസന്ധിയുണ്ടാകുമെന്ന് പലരും പ്രചരിപ്പിച്ചെങ്കിലും, പരാതികളില്ലാത്ത ആദ്യത്തെ വൃശ്ചികം ഒന്നാണ് കടന്നുപോയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു പിശുക്കും കൂടാതെ മുഖ്യമന്ത്രി എല്ലാ കാര്യങ്ങൾക്കും പണം അനുവദിക്കുന്നുണ്ടെന്നും ചെറിയ പാളിച്ചകൾ പോലും സംഭവിക്കാതിരിക്കാൻ കർശന മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.

അതേസമയം, ബോർഡ് കോർപ്പറേഷൻ വിഭജനം ഉടൻ നടക്കുമെന്നും സർക്കാരിന്റെ ആറുമാസത്തെ പ്രവർത്തനത്തിൽ ജനങ്ങൾ സംതൃപ്തരാണെന്നും മന്ത്രി അവകാശപ്പെട്ടു. ജനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും സമീപിക്കാൻ കഴിയുന്ന സർക്കാരാണിതെന്നും മറ്റാർക്കെങ്കിലും അസംതൃപ്തിയുണ്ടോ എന്ന് നോക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. അടൂർ പ്രകാശിന്റെ വിമർശനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, പ്രതിപക്ഷം തീരെ ദുർബലരായതിനാൽ ഭരണകക്ഷിയിലെ ചിലർ ഞങ്ങളുടെ ട്രാക്ക് തെറ്റിപ്പോകാതിരിക്കാൻ ഉപദേശങ്ങൾ നൽകുന്നതാണെന്നും, പ്രതിപക്ഷം സ്വയം കുഴിച്ച കുഴിയിൽ വീണിരിക്കുകയാണെന്നും കെ മുരളീധരൻ പരിഹസിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button