ഹോർമുസ് ആക്രമണം: ടാങ്കർ കപ്പലിൽ നിന്ന് ഇന്ത്യൻ നാവികനെ കാണാതായി

ഒമാൻ തീരത്തിന് സമീപം ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന എൽപിജി ടാങ്കർ കപ്പലിന് നേരെ വീണ്ടും ആക്രമണം. പനാമ പതാക വഹിക്കുന്ന ‘താര ഗ്യാസ്’ എന്ന കപ്പലിനെയാണ് ആക്രമിച്ചത്. തുടർച്ചയായ ആക്രമണങ്ങളെ തുടർന്ന് കപ്പലിലുണ്ടായിരുന്ന 25 ജീവനക്കാർ കപ്പൽ ഉപേക്ഷിച്ചു. ഇവരിൽ 24 പേരെ രക്ഷപ്പെടുത്തിയെങ്കിലും ഒരു ഇന്ത്യൻ നാവികനെ കാണാതായതായി കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു.
കാണാതായ ഇന്ത്യൻ നാവികനെ കണ്ടെത്താൻ കപ്പൽ മാനേജ്മെന്റ് കമ്പനിയുമായും പ്രാദേശിക രക്ഷാപ്രവർത്തകരുമായും ചേർന്ന് ശ്രമങ്ങൾ തുടരുകയാണെന്ന് മന്ത്രി എക്സിലൂടെ അറിയിച്ചു. രക്ഷപ്പെട്ട ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ സഹായങ്ങൾ എത്തിക്കാനും കേന്ദ്ര സർക്കാർ ഇടപെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നവംബർ 16ന് രാത്രി യുഎഇ സമയം ഏകദേശം 11 മണിയോടെയാണ് കപ്പലിന് നേരെ ആദ്യ ആക്രമണമുണ്ടായത്. ഒമാനിലെ ഖസബിന് വടക്ക് ഏഴ് നോട്ടിക്കൽ മൈൽ അകലെയായിരുന്നു സംഭവം. യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്ററാണ് ആക്രമണവിവരം പുറത്തുവിട്ടത്. ആദ്യ ആക്രമണത്തിൽ കപ്പലിന്റെ എൻജിൻ റൂമിൽ തീപിടിത്തമുണ്ടാവുകയും കപ്പൽ പ്രവർത്തനരഹിതമാവുകയും ചെയ്തിരുന്നു. അന്ന് ജീവനക്കാർ സുരക്ഷിതരാണെന്നായിരുന്നു വിവരം. എന്നാൽ ചൊവ്വാഴ്ച കപ്പലിന് നേരെ വീണ്ടും ആക്രമണമുണ്ടായി. വീണ്ടും തീപിടിത്തമുണ്ടായതോടെ ജീവനക്കാർ കപ്പൽ ഉപേക്ഷിക്കുകയായിരുന്നു.
ആക്രമണത്തിൽ കപ്പലിന് സംഭവിച്ച നാശനഷ്ടങ്ങളുടെ പൂർണവിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ലോകത്തിലെ പ്രധാന ഊർജ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ ജാഗ്രതാ നിർദേശം നൽകി. സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കണമെന്നും നിർദേശമുണ്ട്. മേഖലയിലെ വാണിജ്യ കപ്പലുകളുടെയും നാവികരുടെയും സുരക്ഷയെക്കുറിച്ച് പുതിയ ആക്രമണം ആശങ്ക ഉയർത്തുകയാണ്.



