News

കുഞ്ഞാലിക്കുട്ടിക്കില്ലാത്ത എന്ത് മിടുക്കാണ് ഇപ്പോഴത്തെ വ്യവസായ മന്ത്രിക്കുള്ളത്? തരൂരിനെ തള്ളി വീക്ഷണം

തിരുവനന്തപുരം: വ്യാവസായിക മേഖലയിലെ വളര്‍ച്ചയില്‍ സര്‍ക്കാരിനെ പ്രശംസിച്ച കോണ്‍ഗ്രസ് എം പി ശശി തരൂരിനെതിരെ കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ‘ആരാച്ചാര്‍ക്ക് അഹിംസാ അവാര്‍ഡോ?’ എന്ന തലക്കെട്ടില്‍ എഴുതിയ എഡിറ്റോറിയലിലാണ് തരൂരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തുന്നത്. അനാവശ്യവിവാദം സൃഷ്ടിച്ച് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയപ്രതീക്ഷയെ കുരുതികൊടുക്കരുതെന്ന വിമര്‍ശനത്തോടെയാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്.

‘വെളുപ്പാന്‍കാലം മുതല്‍ വെള്ളംകോരി സന്ധ്യക്ക് കുടമുടയ്ക്കുന്ന രീതി പരിഹാസ്യമാണ്. ആയിരക്കണക്കിന് പ്രാദേശിക പ്രവര്‍ത്തകരുടെ അധ്വാനത്തിന്റെ വിളവെടുപ്പാണ് തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്. എല്ലാ സാഹചര്യങ്ങളും എല്‍ഡിഎഫ് പ്രതികൂലമായിട്ടും യുഡിഎഫിന് ജയിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് വലിയൊരു തിരിച്ചടിയായിരിക്കും. സര്‍ക്കാര്‍ വിരുദ്ധ വികാരം ആളിക്കത്തുമ്പോള്‍ അതിന് ഊര്‍ജ്ജം പകരേണ്ടവര്‍ അത് അണയ്ക്കാന്‍ വെള്ളമൊഴിക്കുന്നത് വികലമായ രാഷ്ട്രീയരീതിയാണ്’, എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു.

നിയമസഭയ്ക്ക് അകത്തും പുറത്തും എല്‍ഡിഎഫ് ഭരണക്കെടുതിക്കെതിരെ പോരാടുന്ന കോണ്‍ഗ്രസിനെ മുണ്ടില്‍ പിടിച്ചു പിറകോട്ട് വലിക്കുന്നത് ആത്മഹത്യാപരമാണ്. കേരളത്തെ വ്യവസായങ്ങളുടെ ശവപറമ്പാക്കി മാറ്റിയത് എല്‍ഡിഎഫ് ആണ്. ആര്‍ ശങ്കറും സി അച്യൂതമേനോനും കെ കരുണാകരനും എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിമാരായിരുന്ന കാലത്താണ് കേരളത്തില്‍ വ്യവസായ സ്ഥാപനങ്ങള്‍ വളര്‍ന്നത്. കെ എ ദാമോദര മേനോന്‍, ടി വി തോമസ്, പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ ദീര്‍ഘവീക്ഷണത്തോടെയായിരുന്നു വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നതെന്നും വീക്ഷണം എഡിറ്റോറിയലില്‍ പരാമര്‍ശിക്കുന്നു. അവര്‍ക്കില്ലാത്ത എന്ത് മിടുക്കാണ് ഇപ്പോഴത്തെ വ്യവസായ മന്ത്രിക്കുള്ളതെന്നും വീക്ഷണം ചോദിക്കുന്നു.

സമകാലികരായ വ്യവസായ വകുപ്പ് മന്ത്രിമാരിൽ കുഞ്ഞാലിക്കുട്ടിയുടെ പേര് വീക്ഷണം എടുത്ത് പറഞ്ഞിരിക്കുന്നതും ശ്രദ്ധേയമാണ്. ആദ്യ കരുണാകരൻ മന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന പി കെ വാസുദേവൻ നായരുടെയോ, 1982ൽ കരുണകാരൻ്റെ നേതൃത്വത്തിലുണ്ടായിരുന്ന മന്ത്രിസഭയിൽ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഇ അഹമ്മദിൻ്റെയോ പേര് വീക്ഷണം പക്ഷെ പരാമർശിക്കുന്നില്ല. കരുണാകരൻ്റെ നേതൃത്വത്തിൽ 1991ൽ ഉണ്ടായ മന്ത്രിസഭയിലാണ് കുഞ്ഞാലിക്കുട്ടി ആദ്യമായി വ്യാവസായ വകുപ്പിൻ്റെ ചുമതല വഹിക്കുന്നത്. ആദ്യ ആൻ്റണി മന്ത്രിസഭയിലും വ്യവസായ വകുപ്പ് മന്ത്രി പി കെ വാസുദേവൻ നായരായിരുന്നു.

സ്മാര്‍ട്ട്‌സിറ്റി നടപ്പാക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറായപ്പോള്‍ അത് റിയല്‍ എസ്റ്റേറ്റ് മാഫിയകളാണെന്ന് ആക്ഷേപിച്ചു. അയ്യായിരം കോടി ചെലവില്‍ വിഴിഞ്ഞം പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ ആറായിരം കോടിയുടെ അഴിമതി ആരോപിച്ചു. ടി പി ശ്രീനിവാസനെ സമ്മേളന വേദിക്കരികെ അടിച്ചുവീഴ്ത്തിയതും പ്രശംസ അര്‍ഹിക്കുന്ന മാതൃകയാണോ എന്നും എഡിറ്റോറിയല്‍ ചോദിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button