KeralaNews

ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതി റിതു ജയനെതിരെ കാപ്പ ചുമത്തി

പറവൂര്‍ ചേന്ദമംഗലത്ത് മൂന്ന് പേരെ കൊലപ്പെടുത്തിയ കൂട്ടക്കൊലക്കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി. ചേന്ദമംഗലം കിഴക്കുംപുറം പേരേപ്പാടം ഭാഗത്ത് കണിയാംപറമ്പില്‍ വീട്ടില്‍ റിതു ജയനെ(27)തിരെയാണ് കാപ്പ ചുമത്തിയത്. റൂറല്‍ ജില്ലാ പൊലീസ് മേധാവി എം ഹേമലത സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ എന്‍എസ്കെ ഉമേഷാണ് ഉത്തരവിട്ടത്.

വടക്കേക്കര, നോര്‍ത്ത് പറവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കൊലപാതകം, ദേഹോപദ്രവം തുടങ്ങിയ കേസുകളിലെ പ്രതിയാണ് റിതു ജയന്‍. ചേന്ദമംഗലം പേരേപ്പാടം ഭാഗത്ത് ഇയാളുടെ അയല്‍വാസികളുടെ വീട്ടില്‍ അതിക്രമിച്ച് കയറി വേണു, വേണുവിന്റെ ഭാര്യ ഉഷ, ഇവരുടെ മകള്‍ വിനീഷ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് റിതു. ഭാര്യയെ മര്‍ദ്ദിച്ചത് തടഞ്ഞ വിനീഷയുടെ ഭര്‍ത്താവ് ജിതിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. സംഭവത്തില്‍ വടക്കേക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് കാപ്പ ചുമത്തിയത്.

ഗുരുതരമായി പരിക്കേറ്റ ജിതിന്‍ നാലുമാസത്തെ ആശുപത്രി വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. പതിനൊന്നും ആറും വയസ്സുള്ള വിനീഷയുടെ മക്കളുടെ മുന്നില്‍ വെച്ചായിരുന്നു കൊലപാതകം നടത്തിയത്. കേസ് അന്വേഷണം പൂര്‍ത്തിയാക്കിയ പൊലീസ് ഒരു മാസത്തിനുള്ളില്‍ തന്നെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.വടക്കേക്കര ഇന്‍സ്‌പെക്ടര്‍ കെ ആര്‍ ബിജു, അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ പി എസ് സുനില്‍, സിവില്‍ പൊലീസ് ഓഫീസര്‍ അനൂപ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button