
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് സിപിഎംപ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് പരിഗണിക്കും.പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷനും ഇഡിയും ശക്തമായി എതിര്‍ത്തിട്ടുണ്ട്. ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യവും കോടതി ഇന്ന് പരിഗണിക്കും.
നേരത്തെ ഇതേ കേസില്‍ 10 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഐ.പി ബിനു ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.ജാമ്യം ലഭിച്ചാല്‍ പ്രതികള്‍ രാജ്യം വിടാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുള്ളതായി കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തങ്ങളെ കസ്റ്റഡിയില്‍ വെച്ച് ഇനി കൂടുതല്‍ അന്വേഷണം നടത്തേണ്ടതില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
പിണറായി വിജയന്റെ മകള്‍ ടി.വീണയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. റെയ്ഡ് വിവരമറിഞ്ഞ് പ്രതിഷേധവുമായി സ്ഥലത്തെത്തിയ സിപിഎം പ്രവര്‍ത്തകര്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും അവരെ കൈയേറ്റം ചെയ്തുവെന്നുമാണ് ആരോപണം.തുടര്‍ന്നാണ് പാളയം ലോക്കല്‍ സെക്രട്ടറി ഐ.പി ബിനു അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.



