News

ആശാ വർക്കർമാരുടെ സമരത്തെ തള്ളി സിപിഎം;ആശാ വർക്കർമാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കി’; പിന്നിൽ അരാജക സംഘടനകളെന്ന് എളമരം

തിരുവനന്തപുരം: പിന്നിൽ അരാജക സംഘടനകളെന്ന് ആരോപിച്ച് ആശാ വർക്കർമാരുടെ സമരത്തെ തള്ളി സിപിഎം
ആശാ വർക്കർമാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതിന് പിന്നിൽ അരാജക സംഘടനകളാണെന്ന് എളമരം കരീം ആരോപിച്ചു. തൽപ്പര കക്ഷികളുടെ കെണിയിൽപ്പെട്ടവരാണ് സമരം നടത്തുന്നതെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എളമരം കരീമിന്‍റെ വിമർശനം.

ചിലർ ആശാ വർക്കർമാരെ വ്യാമോഹിപ്പിച്ചു. പെമ്പിളൈ ഒരുമ സമരത്തിന് സമാനമാണ് ആശാ വർക്കർമാരുടെ സമരം. സംസ്ഥാനത്തെ മുഴുവൻ തൊഴിലാളി സംഘടനകളെയും അധിക്ഷേപിക്കുകയായിരുന്നു പെമ്പിളൈ ഒരുമ സമരം.  കേന്ദ്രപദ്ധതികൾ വ്യവസ്ഥകൾക്ക് അനുസരിച്ച് നടപ്പാക്കാനേ സംസ്ഥാനത്തിന് അധികാരമുള്ളൂ. എൻ എച്ച് എം ഫണ്ടിലേക്ക് കേന്ദ്രം നൽകേണ്ട 468 കോടി നൽകിയിട്ടില്ല.

ആശാ വര്‍ക്കര്‍മാരുടെ വേതന വർദ്ധനവിൽ കാര്യമായി ഇടപെടൽ നടത്തിയത് ഇടതു സർക്കാരുകളാണ്. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് എളമരം കരിം വിമർശനം ഉന്നയിച്ചത്. അതേസമയം, വേതന വർദ്ധനവ് അടക്കം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വർക്കർമാരുടെ രാപ്പകൽ സമരം രണ്ടാഴ്ച പിന്നിടുമ്പോഴും സർക്കാർ തിരിഞ്ഞു നോക്കിയിട്ടില്ല. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വി എം സുധീരനടക്കമുള്ള നേതാക്കൾ സമരവേദിയിലെത്തി. നിരോധിത സംഘടനകൾക്ക് സമരവുമായി ബന്ധമുണ്ടെന്ന ആരോപിച്ച് വിരട്ടാൻ നോക്കേണ്ടെന്നാണ് സമര സമിതിയുടെ മറുപടി.

നിരോധിത സംഘടനകളുടെ പിന്തുണയോടയാണ് സമരമെന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനി ആരോപിച്ചിരുന്നു. പേടിപ്പിക്കാൻ നോക്കേണ്ടെന്നാണ് സമരസമിതിയുടെ മറുപടി. സമരം ദേശീയശ്രദ്ധ നേടിയിട്ടും സർക്കാർ തുടർചർച്ചകൾക്കുള്ള സാധ്യത തുറന്നിട്ടില്ല. സമരം കണ്ട ഭാവമില്ല മുഖ്യമന്ത്രിക്കും. നാളെ വിവിധ ജനകീയ സമരസമിതികളുടെ നേതാക്കളെ അണിനിരത്തി ആശാ വർക്കർമാർക്ക് പിന്തുണയുമായി ഐക്യദാർഢ്യറാലി സംഘടിപ്പിക്കുന്നുണ്ട്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button