News

എസ്എഫ്ഐ സംഘടന പിരിച്ചുവിടുന്നതാണ് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കു നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനം എന്ന്‌ രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ ഒന്നാം നമ്പര്‍ സാമൂഹ്യവിരുദ്ധ ഭീകര പ്രസ്ഥാനമായി മാറിയിരിക്കുന്ന എസ്എഫ്ഐ എന്ന സംഘടന പിരിച്ചുവിടുന്നതിന്റെ ആവശ്യകതയെ കുറിച്ചാണ് തിരുവനന്തപുരത്ത് ചേര്‍ന്ന എസ്എഫ്ഐയുടെ 35ാം സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്യേണ്ടിയിരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ കാമ്പസുകളില്‍ എസ്എഫ്ഐയുടെ നേതാക്കള്‍ റാഗിങ് എന്ന പേരില്‍ നടത്തുന്ന കൊടും പീഡനമാണ് അവര്‍ ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്. എസ്എഫ്ഐയുടെ ക്രൂരതകള്‍ക്ക് കണ്ണുമടച്ചു പിന്തുണ നല്‍കുന്ന മുഖ്യമന്ത്രി കേരളത്തിലെ ജനതയ്ക്ക് എന്തു സന്ദേശമാണ് നല്‍കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഏറെ ആക്രമണങ്ങള്‍ നേരിട്ടിട്ടും എസ്എഫ്‌ഐ എന്ന പ്രസ്ഥാനം ആരുടെയും ജീവനെടുത്തിട്ടില്ല. ഒരാളെപ്പോലും അപായപ്പെടുത്തിയിട്ടില്ല. ഇതില്‍ സംഘടനയ്ക്ക് അഭിമാനിക്കാമെന്നായിരുന്നു കഴിഞ്ഞ ദിവസം എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞത്.

കേരളത്തിലെ ക്യാമ്പസുകളില്‍ എസ്എഫ്ഐ നടത്തിക്കൊണ്ടിരിക്കുന്ന തീര്‍ത്തും അക്കാദമിക വിരുദ്ധവും വിദ്യാഭ്യാസ വിരുദ്ധവും മനുഷ്യവിരുദ്ധവുമായ ഭീകര പ്രവര്‍ത്തനങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് എസ്എഫ്ഐയുടെ സര്‍വ്വാധിപത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാര്യവട്ടം ഗവണ്‍മെന്റ് കോളേജില്‍ നടന്ന അതിഭീകര റാഗിങ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തീര്‍ത്തും ഹിംസാത്മകമായ രീതിയില്‍ വിദ്യാര്‍ത്ഥികളെ മരണത്തിലേക്കും നയിക്കുന്ന തരത്തിലുള്ള റാഗിങ്ങിനാണ് എസ്എഫ്ഐ ക്യാമ്പസുകളില്‍ നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നത്. എസ്എഫ്ഐയുടെ അതാത് കോളേജുകളുടെ നേതൃത്വമാണ് ഈ പീഡനത്തെ നയിക്കുന്നതെന്നും രമേശ് ചെന്നിത്തല രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.

പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിനെ അതിക്രൂരമായി പീഡിപ്പിച്ച് പൊതുവിചാരണയ്ക്ക് വിധേയനാക്കി മരണത്തിലേക്ക് തള്ളിവിട്ടത് അവിടുത്തെ എസ്എഫ്ഐ നേതാക്കന്മാരുടെ നേതൃത്വത്തിലായിരുന്നു. അവരെയെല്ലാം രക്ഷിച്ച് സര്‍വ്വ സ്വതന്ത്രരാക്കാന്‍ എല്ലാ ഒത്താശകളും ചെയ്തു കൊടുത്തത് സിപിഐഎം നേതൃത്വവും സര്‍ക്കാരുമാണ്. സിദ്ധാര്‍ത്ഥന നേരെ കൊടിയ ആക്രമണം അഴിച്ചുവിട്ട എസ്എഫ്ഐ നേതാക്കന്മാര്‍ക്ക് തുടര്‍ പഠനത്തിനുള്ള അവസരം പോലും നടത്താന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്തു.

ഹൈക്കോടതിയുടെ ചില തെറ്റായ വിധി ന്യായങ്ങളും ഇതിന് സഹായകരമായി എന്നത് വേറെ കാര്യം. ഇതിന്റെ തുടര്‍ച്ചയാണ് എസ്എഫ്ഐ നേതാക്കന്മാരുടെ നേതൃത്വത്തില്‍ കോട്ടയം ഗവണ്‍മെന്റ് നഴ്സിംഗ് കോളേജില്‍ നടന്ന അതിഭീകര റാഗിങ്. ഈ കേസിലെ പ്രതികളെയും സിപിഐഎമ്മും സര്‍ക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തുമെന്ന് ഉറപ്പാണ്. വധശ്രമം അടക്കമുള്ള കേസുകളില്‍ പ്രതിയായവരാണ് എസ്എഫ്ഐയെ നയിക്കുന്നത്. ജാതി അധിക്ഷേപത്തെയും കള്ള സര്‍ട്ടിഫിക്കറ്റിനെയും ഒക്കെ ഉളുപ്പില്ലാതെ ന്യായീകരിക്കുന്ന നേതൃത്വമാണ് എസ്എഫ്ഐക്ക് ഇപ്പോള്‍. ഭീകരപ്രവര്‍ത്തനങ്ങള്‍ അഴിച്ചുവിടാന്‍ ശേഷിയുള്ള ഇത്തരമൊരു നേതൃത്വം എസ്എഫ്ഐയ്ക്കു നിലനില്‍ക്കുന്നത് സിപിഐഎമ്മിന്റെ സമ്പൂര്‍ണ്ണ പിന്തുണയോടുകൂടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ ക്യാമ്പസുകളില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് അന്തരീക്ഷം ഒരുക്കുന്ന തികഞ്ഞ മനുഷ്യവിരുദ്ധ സംഘടനയായി കേരള സമൂഹത്തിനും വിദ്യാര്‍ത്ഥി സമൂഹത്തിനും അക്കാദമിക സമൂഹത്തിനും തീരാബാധ്യതയായി എസ്എഫ്ഐ എന്തിന് ഇങ്ങനെ തുടരുന്നു എന്നത് സിപിഐഎം നേതൃത്വം ഗൗരവമായി ചിന്തിക്കണം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടത് പോലെ സമൂഹത്തിന് ആകെ ബാധ്യതയായ എസ്എഫ്ഐ എന്ന സംഘടന പിരിച്ചുവിടുന്നതാണ് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കു നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനം. ഇതിന് സിപിഐഎം നേതൃത്വം നേതൃപരമായപങ്കുവഹിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button