KeralaNews

കോൺഗ്രസിൽ ഗ്രൂപ്പ് പോര് രൂക്ഷം; മുഖ്യമന്ത്രിയുടെ ശൈലിമാറ്റം അനിവാര്യമെന്ന് കെസി പക്ഷം

കോൺഗ്രസിൽ ശൈലി മാറ്റം ഉയർത്താൻ കെസി പക്ഷവും എ ഗ്രൂപ്പും. മുഖ്യമന്ത്രിയുടെ ശൈലി മാറ്റം ശക്തമായി ഉന്നയിക്കാനാണ് കെസി പക്ഷത്തിന്‍റെ തീരുമാനം. ചർച്ച കൂടാതെയുള്ള തീരുമാനങ്ങൾ വന്നാൽ കാബിനറ്റിൽ വീണ്ടും എതിർക്കാനാണ് കെസി പക്ഷത്തിന്‍റെ നീക്കം. സർക്കാരിനെ അസ്ഥിരപ്പെടുത്തൽ അല്ല ലക്ഷ്യമെന്നും നീക്കം കൂട്ടായ ചർച്ചകൾക്ക് വേണ്ടി ആണെന്നുമാണ് കെസി പക്ഷത്തിന്‍റെ വാദം. എന്നാല്‍, എല്ലാം ആസൂത്രിതമെന്നാണ് വി ഡി പക്ഷത്തിന്‍റെ വാദം. മന്ത്രിമാരെ ഇറക്കിയുള്ള നീക്കങ്ങളിൽ അസ്വാഭാവികത സംശയിക്കുകയാണ് വി ഡി പക്ഷം.

കാബിനറ്റിലെ അസാധാരണ തർക്കം സംസ്ഥാന കോൺഗ്രസ്സിലെ ഗ്രൂപ്പ് യുദ്ധം ആളിക്കത്തിക്കുകയാണ്. തർക്കം ജനാധിപത്യത്തിൻ്റെ സൗന്ദര്യമെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചിത്. പക്ഷെ സമവായത്തിൻ്റെ ഒരു സൂചനയും ഇരുപക്ഷത്തുമില്ല. പഴയ എ-ഐ പോര് ഓർമ്മിപ്പിക്കും വിധത്തിലേക്ക് കെസി-വിഡി ചേരികൾ കൈവിട്ടിറങ്ങിക്കഴിഞ്ഞു. കാബിനറ്റിന് മുമ്പ് കെസി പക്ഷ മന്ത്രിമാർ രഹസ്യയോഗം ചേർന്ന് മുഖ്യമന്ത്രിയെ ലക്ഷ്യമിടാൻ തീരുമാനിച്ചെന്നാണ് വിഡി പക്ഷത്തിൻ്റെ ആരോപണം. മന്ത്രിസഭാ യോഗത്തിലെ അഭിപ്രായപ്രകടനം സ്വാഭാവികമെന്നാണ് കെസി പക്ഷത്തിന്‍റെ നിലപാട്. കാബിനറ്റിലെ തർക്കം ചോർത്തിയത് ആരെന്നതിലും പോര് ഉയര്‍ന്നിരുന്നു. വിഡി പക്ഷത്തെ മന്ത്രിയാണ് പിന്നിലെന്നാണ് കെസി ഗ്രൂപ്പ് ആരോപിക്കുന്നത്. കെസി പക്ഷ മന്ത്രിമാരെന്നാണ് എതിർ ചേരിയുടെ വാദം. മന്ത്രിസഭാ യോഗത്തിന് മുമ്പ് കെസി പക്ഷത്തെ മൂന്ന് മന്ത്രിമാർ യോഗം ചേർന്ന് കാര്യങ്ങൾ ആസൂത്രണം ചെയ്തെന്ന ഗുരുതര ആരോപണം ഉയർത്തുകയാണ് വിഡി ഗ്രൂപ്പ്. ആറാം മാസം തികയുന്ന ദിനം തന്നെ സർക്കാറിനെ കരിവാരിത്തേക്കലായിരുന്നു ലക്ഷ്യമെന്നും ആക്ഷേപം.

പക്ഷെ മുഖ്യമന്ത്രിക്കെതിരായ ശബ്ദം ഉയർന്നത് സ്വാഭാവികമെന്നാണ് കെസി പക്ഷം വാദിക്കുന്നത്. ഗുരുവായൂർ ദേവസ്വം നിയമനത്തിലെ നീറ്റലിനിടെ പിഎസ് സി അംഗങ്ങളുടെ പട്ടിക കൂടി ഏകപക്ഷീയമായി സതീശൻ ഇറക്കിയതാണ് കാരണമെന്നും വാദം. അതേസമയം, ഇനിയും ചർച്ച കൂടാതെയുള്ള തീരുമാനങ്ങൾ വന്നാൽ കാബിനറ്റിൽ എതിർക്കാനാണ് കെസി പക്ഷത്തിന്‍റെ തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button