
എ ജേർണി ഓഫ് ലൗ’ എന്ന പുസ്തകം ഇന്ന് വിപണിയിൽ എത്തവേയാണ് മോദിയെ കുറിച്ചുള്ള പരാമർശം ചർച്ചയാകുന്നത്. ഔദ്യോഗിക പരിപാടികളിൽ കാണാറുണ്ടായിരുന്നെന്നും എന്നാൽ വ്യക്തിപരമായി അധികം അടുപ്പം ഇല്ലായിരുന്നെന്നുമാണ് മോദിയെ കുറിച്ച് സോണിയ പറഞ്ഞത്.
‘‘ഈ കുറിപ്പ് എഴുതുമ്പോൾ നരേന്ദ്ര ദാമോദർദാസ് മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി പന്ത്രണ്ടിലധികം വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. നിലവിൽ അദ്ദേഹം തന്റെ മൂന്നാം ഭരണകാലഘട്ടത്തിലാണ്. ഇന്നുവരെ അദ്ദേഹവുമായി എനിക്കു വ്യക്തിപരമായി അധികം അടുപ്പം ഉണ്ടായിട്ടില്ല. ഔദ്യോഗിക പരിപാടികളിൽ ഞങ്ങൾ കാണാറുണ്ട്. ഉദാഹരണത്തിന് എല്ലാ പാർലമെന്റ് സെഷന്റെ അവസാനവും സ്പീക്കറുടെ ചേംബറിൽ ഒത്തുചേരാറുണ്ട്. അതൊരു ചെറിയ മുറിയാണ്, കൂടാതെ നിരവധി ആളുകളും ഉണ്ട്. പരസ്പരം മുഖാമുഖം വരുമ്പോൾ ഔപചാരികമായി ‘നമസ്തേ’ പറഞ്ഞ് അഭിവാദ്യം ചെയ്യും. കക്ഷിരാഷ്ട്രീയ ഭേദമന്യേ നേതാക്കൾ പരസ്പരം സൗഹൃദത്തോടെ ഇടപഴകിയിരുന്ന മുൻകാലങ്ങളിൽനിന്നു തീർത്തും വ്യത്യസ്തമാണിത്. കണ്ണിൽ നോക്കുന്നത് ഒഴിവാക്കി മറ്റെവിടേക്കെങ്കിലും നോക്കുന്നതാണു പതിവ്. ഇത്തരം ഹ്രസ്വമായ ഇടപെടലുകൾക്കപ്പുറം ഞങ്ങൾ ഒരിക്കലും കാര്യമായി സംസാരിച്ചിട്ടില്ല. എങ്കിലും വർഷങ്ങളായി ഔപചാരികമായ ജന്മദിന, പുതുവത്സര ആശംസകൾ പരസ്പരം കൈമാറിയിട്ടുണ്ട്. ഒരിക്കൽ ആശുപത്രിവാസത്തിനുശേഷം തിരികെ വന്നപ്പോൾ നിങ്ങൾ സുഖമായിരിക്കുന്നോ എന്ന് അദ്ദേഹം ചോദിച്ചു. അതിനു മറുപടിയായി അതെ, സുഖമായിരിക്കുന്നു, നന്ദി എന്നു ഞാൻ മറുപടിയും നൽകി’’– സോണിയ ഗാന്ധി പറഞ്ഞു.
മോദിയുടെ രാജ്യത്തെക്കുറിച്ചുള്ള സങ്കൽപം തന്റേതിൽനിന്നു തികച്ചും വ്യത്യസ്തമാണെന്നും ഇരുവരും വ്യത്യസ്ത പ്രത്യയശാസ്ത്ര ധ്രുവങ്ങളിൽനിന്നുള്ളവരാണെന്നും സോണിയ പറയുന്നു. മോദിയുടെ ഇന്ത്യാ സങ്കൽപം ആർഎസ്എസ് സൈദ്ധാന്തികരാൽ രൂപപ്പെടുത്തപ്പെട്ടതാണ്. തന്റെ മതവിശ്വാസവും സംസ്കാരവും മറ്റെല്ലാറ്റിനും ഉപരിയാണെന്ന് ഉറപ്പിച്ചുപറയുന്ന ഒരു മതമൗലികവാദത്തെയാണ് അത് ഊട്ടിയുറപ്പിച്ചത്. അതേസമയം, എന്റെ ഇന്ത്യാ സങ്കൽപം, ഏവർക്കും സ്വാതന്ത്ര്യവും സമത്വവും ഉറപ്പുനൽകുന്ന തത്വങ്ങളിൽനിന്ന് ഊർജ്ജമുൾക്കൊണ്ട തന്റെ കുടുംബാംഗങ്ങളിൽനിന്നാണ് സ്വായത്തമാക്കിയതെന്നും സോണിയ വ്യക്തമാക്കുന്നു. അധികാര ശ്രേണികൾക്കും കർശനമായ നിയന്ത്രണങ്ങൾക്കും മേൽക്കോയ്മയ്ക്കും മുൻഗണന നൽകുന്ന ഒരു ഇന്ത്യക്കു വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിലകൊള്ളുന്നതെന്നും സോണിയ ആരോപിച്ചു.
‘‘അദ്ദേഹം പോരുതുന്നത് അദ്ദേഹത്തിന്റെ ഇന്ത്യയെന്ന കാഴ്ചപ്പാടിനു വേണ്ടിയാണ്, ഞാൻ പൊരുതിയത് എന്റെ കാഴ്ചപ്പാടിനായും. ഏതൊരു മേൽക്കോയ്മയ്ക്കും എതിരായ, എല്ലാവരെയും ഉൾക്കൊള്ളുന്ന, മതേതരത്വത്തിലും സാമൂഹിക നീതിയിലും വിശ്വസിക്കുന്ന ഒരു ഇന്ത്യയ്ക്കായി. ഇത് ഒരിക്കലും വ്യക്തിപരമായിരുന്നില്ല.’’ – സോണിയ വ്യക്തമാക്കി. ‘‘പാർലമെന്റിൽ സംസാരിക്കുമ്പോൾ പോലും പൊതു റാലികളിൽ ഉപയോഗിക്കുന്ന അതേ പരുക്കൻ ഭാഷയാണ് അദ്ദേഹം പലപ്പോഴും ഉപയോഗിക്കുന്നത്. മിക്കപ്പോഴും അതു പ്രതിപക്ഷത്തെ അടച്ചാക്ഷേപിക്കുന്ന വെറുമൊരു വാക്പ്രഹരം മാത്രമായി മാറുന്നു. ഇന്ത്യയെ ജനാധിപത്യപരവും മതേതരവുമായ പാതയിൽ നയിച്ചുവെന്ന കാരണത്താൽ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെയാണ് അദ്ദേഹത്തിന്റെ പാർട്ടി പ്രധാനമായും ശത്രുതയോടെ കണ്ടത്.’’ – സോണിയ പറയുന്നു. കോൺഗ്രസ് മുക്ത ഭാരതമാണ് ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യമെന്നും സോണിയ വ്യക്തമാക്കി.



