KeralaNews

കാലടി സര്‍വകലാശാല വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍: ഹര്‍ജിയില്‍ ഈ ആഴ്ച വാദം കേള്‍ക്കും

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഈ ആഴ്ച വാദം കേള്‍ക്കാമെന്ന് ഹൈക്കോടതി. പുതുക്കിയ വാദങ്ങള്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ഥികള്‍ കോടതിയില്‍ അധിക സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. നേരത്തെ ഉന്നയിച്ച വാദങ്ങള്‍ക്ക് പുറമെ ഹാജര്‍നില, കേസുകളുടെ നടപടിക്രമം തുടങ്ങിയ കാര്യങ്ങളും പുതിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പരീക്ഷ എഴുതാന്‍ ആവശ്യമായ ഹാജരില്ലെന്ന സര്‍വകലാശാലയുടെ വാദം വിദ്യാര്‍ഥികള്‍ തള്ളി. പരീക്ഷ എഴുതേണ്ട വിദ്യാര്‍ഥികള്‍ക്കെല്ലാം സസ്പെന്‍ഷനു മുന്‍പ് 60 ശതമാനം വരെ ഹാജരുണ്ടായിരുന്നുവെന്നാണ് ഇവരുടെ വാദം. ശേഷിക്കുന്ന 15 ശതമാനം ഹാജര്‍ ഇളവിനായി അപേക്ഷ നല്‍കാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ സസ്പെന്‍ഷനെ തുടര്‍ന്ന് ക്യാംപസില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്തതിനാല്‍ അപേക്ഷ സമര്‍പ്പിക്കാനായില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

നിലവിലെ റിട്ട് ഹര്‍ജിയിലാണ് വിദ്യാര്‍ഥികള്‍ ഭേദഗതികളോടെയുള്ള സത്യവാങ്മൂലം നല്‍കിയത്. നാടകം അവതരിപ്പിച്ചതിന്റെ പേരിലാണ് തങ്ങള്‍ക്കെതിരെ കേസെടുത്തതെന്നും ഒരേ വിഷയത്തില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് അസാധാരണ നടപടിയാണെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. മനഃപൂര്‍വം ഉപദ്രവിക്കാനാണ് രണ്ടാമത്തെ കേസ് നല്‍കിയതെന്നും ഇവര്‍ പറയുന്നു. ഈ വാദങ്ങള്‍ കൂടി പരിഗണിക്കണമെന്നാണ് സിംഗിള്‍ ബെഞ്ചിനോട് വിദ്യാര്‍ഥികളുടെ ആവശ്യം. അച്ചടക്കനടപടികള്‍ക്ക് മുന്നോടിയായാണ് സസ്പെന്‍ഷന്‍ ഏര്‍പ്പെടുത്തിയതെന്നും ദീര്‍ഘകാല സസ്പെന്‍ഷന്‍ നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കേസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തന്നെ പരിഗണിക്കട്ടെയെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. സര്‍വകലാശാലകളില്‍ പാലിക്കേണ്ട അച്ചടക്കത്തിന് പ്രാധാന്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു. വിദ്യാര്‍ഥികള്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ പിവി ദിനേശാണ് ഹാജരായത്. സസ്പെന്‍ഷന്‍ കാരണമാണ് ഹാജര്‍ കുറഞ്ഞതെന്നും സര്‍വകലാശാല മനഃപൂര്‍വം ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചതാണെന്നും അദ്ദേഹം വാദിച്ചു. അതേസമയം, വിദ്യാര്‍ഥികളുടെ ഹാജര്‍നില കോടതി പരിശോധിക്കണമെന്ന് സര്‍വകലാശാല ആവശ്യപ്പെട്ടു. വിധി വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായാല്‍ പ്രത്യേക പരീക്ഷ നടത്താന്‍ തയ്യാറാണെന്നും സര്‍വകലാശാല കോടതിയെ അറിയിച്ചു.

ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജിയില്‍ നേരിട്ട് ഇടപെടാന്‍ സുപ്രീംകോടതി തയ്യാറായില്ല. വിദ്യാര്‍ഥികളുടെ ഭാവി പരിഗണിച്ച് ഹര്‍ജി അടിയന്തരമായി പരിഗണിച്ച് തീര്‍പ്പാക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനോട് നിര്‍ദേശിക്കുകയായിരുന്നു. ഇതിനിടെ ഒരു പരീക്ഷ പൂര്‍ത്തിയായെങ്കിലും വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ വിധിയുണ്ടായാല്‍ പ്രത്യേക പരീക്ഷ നടത്താമെന്ന് സര്‍വകലാശാല സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button