
ചേരാനല്ലൂർ അപകടത്തിൽ 17കാരൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റിവിഷൻ പെറ്റീഷനുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയിലേക്ക്. ജുവനൈൽ ജസ്റ്റിസ് ബോർഡ് നടപടികൾ കഴിഞ്ഞ ദിവസം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന കോടതി റദ്ദാക്കിയിരുന്നു. എന്നാൽ 17കാരന് നൽകിയ സ്റ്റേഷൻ ജാമ്യം നിലനിൽക്കുന്നുണ്ട്. ഇതോടെയാണ് റിവിഷൻ പെറ്റീഷനുമായി ജയപാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്.
17കാരൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിൻ്റെയും ജയബാലകൃഷ്ണന്റെ കുടുംബത്തിൻ്റെയും ആവശ്യം സ്ത്രീകളുടെയും കുട്ടികളുടെയും കേസുകൾ പരിഗണിക്കുന്ന എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു. 17കാരനെതിരെ നരഹത്യാക്കുറ്റം ചുമത്തിയ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു.
അതിക്രൂര കുറ്റകൃത്യം അല്ലെങ്കിൽ പ്രായപൂർത്തിയാകാത്ത ആൾക്കെതിരെ എഫ്ഐആർ ഇടാനാകില്ലെന്ന് പറഞ്ഞ കോടതി, എഫ്ഐആറിലെ തിരുത്തിലും അപ്പീലിലെ പിഴവിലും വിമർശനം ഉയർത്തി. ഈ കേസിൽ എന്ത് പ്രത്യേകതയാണ് ഉള്ളതെന്ന് ചോദിച്ച കോടതി, ചരിത്രത്തിൽ ഇല്ലാത്തത് സംഭവിക്കുന്നു എന്ന പരാമർശവും നടത്തി.



