KeralaNews

സ്കൂൾ ബസുകളിൽ മിന്നൽ പരിശോധന; 34 വാഹനങ്ങൾക്ക് പിടി വീണു, പിഴയിട്ടത് 57,250 രൂപ

കുട്ടികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനായി എറണാകുളം എൻഫോഴ്സ്മെന്‍റ് ആർടിഒ ബിജു ഐസക്കിന്‍റെ നേതൃത്വത്തിൽ സ്കൂൾ ബസുകളിൽ മിന്നൽ പരിശോധന നടത്തി. കാക്കനാട്, കളമശ്ശേരി, ഇടപ്പള്ളി മേഖലകളിൽ മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 34 വാഹനങ്ങൾക്കെതിരെ ചലാൻ തയ്യാറാക്കുകയും ആകെ 57,250 രൂപ പിഴ ചുമത്തുകയും ചെയ്തു.

ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനം ഓടിക്കൽ, നികുതി അടയ്ക്കാതിരിക്കൽ, ഫസ്റ്റ് എയ്ഡ് ബോക്സിന്‍റെയും ഫയർ എക്സ്റ്റിംഗുഷറിന്‍റെയും അഭാവം, ഡ്രൈവർമാർ യൂണിഫോം ധരിക്കാതിരിക്കൽ, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, അറ്റൻഡറുടെ അഭാവം തുടങ്ങിയ ക്രമക്കേടുകളാണ് പരിശോധനയിൽ പ്രധാനമായും കണ്ടെത്തിയത്.

സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ടെന്നും ചെറിയ അശ്രദ്ധകൾ പോലും കുട്ടികളുടെ ജീവന് ഭീഷണിയാകാമെന്നും അധികൃതർ വ്യക്തമാക്കി. വാഹനങ്ങളുടെ സുരക്ഷാ സംവിധാനങ്ങൾ, രേഖകൾ, ജീവനക്കാരുടെ യോഗ്യത എന്നിവ ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിലും വിവിധ മേഖലകളിൽ പരിശോധന തുടരും. നിയമലംഘനം നടത്തുന്ന സ്കൂൾ വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എറണാകുളം എൻഫോഴ്സ്മെന്‍റ് വിഭാഗം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button