യെമനില്‍ ഹൂതികള്‍ക്കെതിരെ സഖ്യസേനയുടെ സൈനിക നീക്കം ആരംഭിച്ചു; ബാബ് അല്‍ മന്ദബ് തിരിച്ചുപിടിച്ചു

യെമനില്‍ ഹൂതികള്‍ക്കെതിരെ സഖ്യസേനയുടെ ‘ഫജ്ര്‍ അല്‍ യെമന്‍’ സൈനിക നീക്കം ആരംഭിച്ചു. ബാബ് അല്‍ മന്ദബ് ഹൂതികളില്‍ നിന്ന് സൈന്യം തിരിച്ചുപിടിച്ചു. സഖ്യസേനയുടെ 100 പോര്‍വിമാനങ്ങള്‍ യെമനില്‍ പങ്കെടുത്തു. 324 ലക്ഷ്യങ്ങള്‍ തകര്‍ത്തു.1747 ഹൂതികള്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തതായി യെമന്‍ സൈന്യം വ്യക്തമാക്കി.
യെമന്‍ തലസ്ഥാനമായ സന തിരിച്ചുപിടിക്കാനും ഹൂതി അട്ടിമറിക്ക് പൂര്‍ണമായും അന്ത്യം കുറിക്കാനും യെമന്‍ സര്‍ക്കാരും സഖ്യസേനയും സംയുക്തമായി ആരംഭിച്ച ഏറ്റവും വലിയ സൈനിക നീക്കമാണ് ‘ഫജ്ര്‍ അല്‍ യെമന്‍’. ഇന്ന് പുലര്‍ച്ചെ സഖ്യസേന വക്താവ് തുര്‍ക്കി അല്‍ മാലികി നല്കിയ വിവരങ്ങള്‍ അനുസരിച്ച് നൂറ് പോര് വിമാനങ്ങളാണ് ഒരേ സമയം യെമനില്‍ ആക്രമണം നടത്തിയത്.
യെമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ പ്രസിഡന്റ് റഷാദ് അല്‍-അലിമി പ്രഖ്യാപിച്ച ഈ നീക്കത്തില്‍ യെമന്‍ കരസേനയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും സഖ്യസേന നല്കി വരുന്നുണ്ട്. ഹൂതി വിമതര്‍ അടുത്തിടെ പിടിച്ചടക്കിയ തീരദേശ മേഖലകളുടെ കിഴക്കന്‍ അതിര്‍ത്തികളില്‍ യെമന്‍ സര്‍ക്കാര്‍ അനുകൂല സേന തിങ്കളാഴ്ച രാവിലെ മുതല്‍ ശക്തമായ കരയാക്രമണം ആരംഭിച്ചിട്ടുണ്ട്. ഇതിന് പൂര്‍ണ്ണ പിന്തുണ നല്‍കിക്കൊണ്ടാണ് സഖ്യസേന വ്യോമാക്രമണം ശക്തിപ്പെടുത്തിയത്. വരും മണിക്കൂറുകളില്‍ കൂടുതല്‍ ശക്തമായ സൈനിക നീക്കങ്ങള്‍ യെമനില്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.



