
സുപ്രീംകോടതിയില്‍ മൂന്ന് ജഡ്ജിമാരെ കൂടി നിയമിച്ചു. ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുനിത അഗര്‍വാള്‍, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് അപരേഷ് കുമാര്‍ സിങ് എന്നിവരെയാണ് സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചത്.
ഇവരുടെ സ്ഥാനക്കയറ്റം നിര്‍ദേശിച്ചുകൊണ്ടുള്ള സുപ്രീംകോടതി കൊളിജിയം ശുപാര്‍ശ രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. സെപ്റ്റംബര്‍ 28 നാണ് ഇതുസംബന്ധിച്ച ശുപാര്‍ശ കേന്ദ്ര നിയമമന്ത്രാലയത്തിന് കൈമാറിയിരുന്നത്.മൂന്നു ജഡ്ജിമാര്‍ കൂടി വരുന്നതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 37 ആയി ഉയര്‍ന്നു. 38 ജഡ്ജിമാരാണ് സുപ്രീംകോടതിയുടെ പൂര്‍ണ അംഗബലം. അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന സുനിത അഗര്‍വാളിനെ 2023 ലാണ് ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നത്.
ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സലായി പ്രവര്‍ത്തിച്ചിട്ടുള്ള ജസ്റ്റിസ് ദേവേന്ദ്ര കൂമാര്‍ ഉപാധ്യായ, 2011 നവംബറിലാണ് ജഡ്ജിയായി നിയമിതനാകുന്നത്. 2023 ല്‍ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2025 ല്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി മാറ്റി നിയമിച്ചു. പട്ന ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്ത അപരേഷ് കുമാര്‍ സിങ് 2012 ലാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി ജഡ്ജിയാകുന്നത്.



