വിവിധ ജില്ലകളിലായി പത്തിലധികം പേരെ വിവാഹം ചെയ്ത് കബളിപ്പിച്ചു; യുവതി അറസ്റ്റിൽ

വിവാഹ തട്ടിപ്പ് കേസിൽ യുവതി അറസ്റ്റിൽ. വിവിധ ജില്ലകളിലായി പത്തിലധികം പേരെ വിവാഹം ചെയ്ത് കബളിപ്പിച്ച കോട്ടയം സ്വദേശി രേഷ്മയാണ് അറസ്റ്റിലായത്.
ഓൺലൈനിൽ വിവാഹ പരസ്യം നൽകിയായിരുന്നു തട്ടിപ്പുകൾ നടത്തിയിരുന്നത്. പുതിയൊരാളുമായി വിവാഹം നടക്കുന്നതിന് തൊട്ടു മുൻപാണ് അറസ്റ്റ്.
തിരുവനന്തപുരം ആര്യനാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. 45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെയും കബളിപ്പിച്ചാണ് അടുത്ത വിവാഹത്തിന് ഒരുങ്ങിയത്.
എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ടു വയസ്സുള്ള കുട്ടിയുടെ അമ്മയുമായ രേഷ്മയാണ് പതിനൊന്നാമത്തെ വിവാഹതട്ടിപ്പിനു തൊട്ടുമുന്‍പ് ഇന്നലെ കുടുങ്ങിയത്. രാവിലെ വിവാഹത്തിനായി ആര്യനാട്ടെ ഓഡിറ്റോറിയത്തിലേക്കു പോകാന്‍ നിന്ന രേഷ്മയെ പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയില്‍ ആര്യനാട് പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹത്തിന്റെ തലേന്ന് ആര്യനാട്ടേക്ക് പോകാൻ രേഷ്മയെ വെമ്പായത്ത് എത്തിച്ചത് ഒരു യുവാവായിരുന്നു. അയാൾ ആരാണെന്ന ചോദ്യത്തിനുള്ള രേഷ്മയുടെ മറുപടി പൊലീസിനെ അമ്പരപ്പിച്ചു. ‘‘അടുത്ത മാസം ഞാൻ കല്യാണം കഴിക്കാനിരുന്നയാളാണ്. ആര്യനാട്ടെ ബന്ധുവീട്ടിൽ പോകുന്നു എന്നാണ് അവനോടു പറഞ്ഞത്’’. തന്റെ ‘പ്രതിശ്രുതവധു’വിനെ മറ്റൊരാളുമായുള്ള വിവാഹത്തിനു വേണ്ടിയാണ് താന്‍ കൊണ്ടുപോകുന്നതെന്ന് അറിയാതെയായിരുന്നു യുവാവിന്റെ തിരുവനന്തപുരം യാത്ര. ഒടുവില്‍ പ്രതിശ്രുതവധു വിവാഹത്തട്ടിപ്പിനു പിടിയിലായപ്പോള്‍ യുവാവ് അന്തംവിട്ടു.
പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് രേഷ്മയുടെ തട്ടിപ്പുകൾ ഓരോന്നായി പുറത്തായത്. 45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയത്. അടുത്ത മാസം തിരുവനന്തപുരം സ്വദേശിയുമായി വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. വിവാഹത്തലേന്ന് ആര്യനാട്ടെത്തിയ രേഷ്മയെ സുഹൃത്തിന്റെ വീട്ടിലാണ് പഞ്ചായത്ത് അംഗമായ യുവാവ് താമസിപ്പിച്ചത്. രേഷ്മയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പ്രതിശ്രുത വരനും ബന്ധുവും ഇവരുടെ ബാഗ് പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. വിവാഹ ദിവസം രാവിലെ രേഷ്മ ബ്യൂട്ടിപാർലറിൽ പോയ സമയത്ത് നടത്തിയ പരിശോധനയിൽ മുൻപ് വിവാഹം കഴിച്ചതിന്റെ രേഖകൾ അടക്കം കണ്ടെടുത്തു. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. രേഷ്മ മുൻപ് വിവാഹം കഴിച്ച ഏഴുപേരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. സാമ്പത്തിക തട്ടിപ്പിനാണ് വിവാഹങ്ങൾ കഴിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായത്. കൂടുതൽ പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടോ എന്നറിയാൻ വിശദമായി ചോദ്യം ചെയ്യും. മൂന്നു വർഷം മുൻപ് നടന്ന വിവാഹത്തിലാണ് കുട്ടിയുള്ളത്