
വടകര കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വ്യാഴാഴ്ച വിധി പറയും. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് വിധിപറയാന്‍ മാറ്റിയത്. കേസില്‍ പ്രതി ചേര്‍ക്കുമെന്ന വിലയിരുത്തലിലാണ് റിബേഷ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്.
അതേസമയം, റിബേഷിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും, കേസിലെ പ്രതി ജിതിന് ഭാസ്കറിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രത്യേക അന്വേഷണ സംഘം ഹര്‍ജി നല്‍കിയതുള്‍പ്പെടെ പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. കേസില്‍ ജിതിന് ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ഹര്‍ജി കോടതി വിധി പറയാന്‍ നാളേക്ക് മാറ്റി. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാളെ വീണ്ടും ഹര്‍ജി പരിഗണിക്കും. കേസില്‍ ജാമ്യത്തിലിറങ്ങിയ ജിതിന് ജാമൃ വ്യവസ്ഥ ലംഘിച്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയാവുകയും, ഫേസ്ബുക്കിലൂടെ അന്വേഷണ സംഘത്തെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ജിതിന് സിപിഐഎം സ്വീകരണം നല്കിയ സംഭവത്തില്‍ ജിതിനെ ഒന്നാം പ്രതിയാക്കി വടകര പൊലീസ് രണ്ട് കേസുകള്‍ എടുത്തിരുന്നു. സര്‍ക്കാരിനെയും പൊലീസിനെയും വെല്ലുവിളിച്ച് നാട്ടില്‍ ലഹള സൃഷ്ടിക്കാന്‍ ശ്രമം നടത്തിയെന്നായിരുന്നു വടകര പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍.
കേസിന്റെ ഭാഗമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ റിബേഷ് രാമകൃഷ്ണന്, മനീഷ്, അതുല്‍ എന്നിവരെ നേരത്തെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. സിപിഐഎം അനുകൂല വാട്സാപ്പ് ഗ്രൂപ്പായ വടകര സ്ക്വാഡില്‍ നിന്നാണ് കാഫിര്‍ സ്ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിച്ചതെന്നും, സ്ക്രീന്‍ഷോട്ട് ആദ്യം ഷെയര്‍ ചെയ്തതായി കണ്ടെത്തിയ റിബേഷ് രാമകൃഷ്ണന് ജിതിന് ഭാസ്കറില്‍ നിന്നാണ് ഈ സ്ക്രീന്‍ഷോട്ട് ലഭിച്ചത് എന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.



