Kerala

കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്: മുൻ മന്ത്രി വീണാ ജോർജിന്റെ മൊഴിയെടുത്ത് എസ്ഐടി

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മുൻമന്ത്രി വീണാ ജോർജിന്റെ മൊഴി രേഖപ്പെടുത്തി. പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് കേസന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വീണാ ജോർജിൽ നിന്ന് മൊഴിയെടുത്തത്. എസ്ഐടി തലവൻ യു പ്രേമന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. കെഎസ്‍യു പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെ ചുമത്തിയ ഉദ്യോ​ഗസ്ഥരുടെ മൊഴിയും എസ്ഐടി രേഖപ്പെടുത്തും. കെഎസ്‍യു പ്രവർത്തകർക്കെതിരെ ​ഗുരുതര വകുപ്പുകളടക്കം ചുമത്താൻ നിർദേശം നൽകിയത് ആരാണെന്നത് എസ്ഐടി പരിശോധിക്കും.

കഴിഞ്ഞ ഫെബ്രുവരി 25-നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് അന്ന് മന്ത്രിയായിരുന്ന വീണാ ജോർജിനെതിരേ കെഎസ്‍യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. അഞ്ചിടത്താണ് കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. പെരിങ്ങോത്ത് കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് നേതാവ് ഷജീര്‍ ഇക്ബാലിനെ സിപിഎമ്മുകാര്‍ ക്രൂരമായി മര്‍ദിച്ചതാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വര്‍ധിത വീര്യത്തോടെയുള്ള പ്രതിഷേധത്തിന് കാരണമായത്. എന്നാൽ, മാരകായുധങ്ങളുമായെത്തിയ കെഎസ്‍യു പ്രവർത്തകർ മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നായിരുന്നു ​ഗൺമാന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ കെഎസ്‍യു ജില്ലാ പ്രസിഡന്റ് എംസി അതുൽ ഉൾപ്പെടെ അഞ്ചുപേർക്കെതിരേ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയും ചെയ്തിരുന്നു. രണ്ടാഴ്ചയോളം ഇവർ റിമാൻഡിലായി. പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷം കെഎസ്‍യു പ്രവർത്തകരുടെ പരാതിയിലാണ് സംഭവത്തിൽ എസ്ഐടി രൂപീകരിച്ച് അന്വേഷണം നടത്താൻ തീരുമാനിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button