News

വി.ഡി. സതീശൻ ആർ.എസ്.എസിന് പൂർണ്ണമായും കീഴടങ്ങി; വന്ദേമാതരം വിവാദത്തിൽ രൂക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ!

മുഖ്യമന്ത്രി വി.ഡി. സതീശൻ ആർ.എസ്.എസിന് പൂർണ്ണമായും കീഴടങ്ങിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. വന്ദേമാതരം മുഴുവൻ ആലപിക്കാൻ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത് സർക്കാരിന്റെ നിർദ്ദേശപ്രകാരമാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി. ദേശീയഗാനമോ വന്ദേമാതരമോ മുഴുവൻ പാടിയില്ലെങ്കിൽ മൂന്ന് വർഷം തടവ് ലഭിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിയമവിരുദ്ധമാണ്. ആലപിക്കുമ്പോൾ തടസ്സപ്പെടുത്തിയാൽ മാത്രമേ ശിക്ഷയുള്ളൂ എന്നതാണ് നിയമം.

ദേശീയ പ്രസ്ഥാന കാലത്ത് തന്നെ വന്ദേമാതരത്തിന്റെ ആദ്യ വരികൾ മാത്രം പാടിയാൽ മതിയെന്ന് കോൺഗ്രസ് തീരുമാനിച്ചിരുന്നതാണെന്നും, ആ തത്വം ലംഘിക്കുന്ന സതീശൻ മറ്റുള്ളവരെ ജയിലിൽ അടക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര നിർദ്ദേശം ചീഫ് സെക്രട്ടറി നടപ്പാക്കിയതാണെന്ന് മുഖ്യമന്ത്രി പറയുമ്പോൾ, ഫെഡറൽ സംവിധാനത്തിൽ സംസ്ഥാന സർക്കാരിന്റെ നയം നടപ്പാക്കേണ്ടതുണ്ടോ എന്ന് വ്യക്തമാക്കണം.

ചീഫ് സെക്രട്ടറി സർക്കുലർ അയക്കാൻ ഇത് പോസ്റ്റ് ഓഫീസ് പണിയാണോ എന്നും എം.വി. ഗോവിന്ദൻ ചോദിച്ചു. എം.ഡി.എം.എ കേസിൽ പിടിയിലായ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്ററെ സംരക്ഷിക്കാൻ മുഖ്യമന്ത്രി കള്ളം പറയുകയാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. 2023 ഡിസംബർ 10-ന് നവകേരള സദസ്സ് പെരുമ്പാവൂരിൽ എത്തുന്നതിന് മുൻപ് തന്നെ പ്രതിയായ മുഹമ്മദ് ഹുസൈൻ സതീശനുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. പ്രതിയെ മൂന്നോ നാലോ തവണ മാത്രം കണ്ടിട്ടുണ്ടെന്ന വാദം അസത്യമാണ്.

കഴിഞ്ഞ അഞ്ച് വർഷമായി സതീശന്റെ സോഷ്യൽ മീഡിയ ടീമിലുള്ള വ്യക്തിയും 7 ജില്ലകളിലെ എം.ഡി.എം.എ കച്ചവടക്കാരനുമായ ഇയാളെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിയാതിരിക്കാൻ വഴിയില്ലെന്നും ചിത്രങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാണിച്ചു. നവകേരള സദസ്സിലെ ലാത്തിചാർജിൽ പരിക്കേറ്റയാൾ എന്ന നിലയിലാണ് ഇയാളെ വിളിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മുൻപത്തെ വിശദീകരണം.സോഷ്യൽ മീഡിയയിൽ നിലനിൽക്കുന്ന നിയന്ത്രണങ്ങൾ മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റവും അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി വിശേഷിപ്പിച്ചു. സോഷ്യൽ മീഡിയയെ നിയന്ത്രിക്കണമെന്ന് ഒരു ദേശീയ മാധ്യമത്തോട് ആവശ്യപ്പെട്ട സതീശനും മോദിക്കുമെതിരെയുള്ള വാർത്തകൾ മാത്രം എങ്ങനെ തടയപ്പെടുന്നുവെന്ന് അദ്ദേഹം ചോദിച്ചു.

രത്തൻ ഖേൽക്കറുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷനാണ് അഭിമുഖം മാറ്റിയതെന്നും, ഐ.ടി സെക്രട്ടറിയായിരുന്ന ഖേൽക്കറിന് മെറ്റയുമായി ബന്ധമില്ലെന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. എൽ.ഡി.എഫ് യോഗവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് യാതൊരു ഉത്കണ്ഠയും വേണ്ടെന്നും എല്ലാ കാര്യങ്ങളും ചർച്ച ചെയ്താണ് മുന്നോട്ട് പോകുന്നതെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഡൽഹി സമരത്തിന് പോകാനായി സി.പി.ഐ ബുക്ക് ചെയ്തിരുന്ന ട്രെയിൻ റദ്ദാക്കിയത് ജനാധിപത്യവിരുദ്ധമായ നടപടിയാണെന്നും അദ്ദേഹം വിമർശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button