NationalNews

ഉത്തർപ്രദേശ് സീറ്റ് വിഭജനം; യുപിയിൽ 130 സീറ്റ് വേണമെന്ന് കോൺഗ്രസ്, 40 കൂടിയാൽ 60 സീറ്റെന്ന് എസ്‍പി

അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് – സമാജ്‌വാദി പാർട്ടി സീറ്റ് വിഭജനത്തിൽ അന്തിമ ധാരണ ഇനിയുമായില്ല. കോൺഗ്രസ് 130 സീറ്റിന്‍റെ പ്രാഥമിക പട്ടികയാണ് എസ്പിക്ക് കൈമാറിയത്. അതേസമയം കോൺഗ്രസ് ആവശ്യപ്പെട്ട സീറ്റുകൾ നൽകാനാകില്ലെന്ന നിലപാടിലാണ് സമാജ്‍വാദി പാർട്ടി. വരുന്ന ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സീറ്റ് വിഭജന ചർച്ച ഏങ്ങുമെത്താത്ത അവസ്ഥയിലാണ് സഖ്യം.

അമേഠി, റായ്ബറേലി മേഖല വേണം
ഒരിക്കൽ കോൺഗ്രസിന്‍റെ ശക്തികേന്ദ്രങ്ങളായിരുന്ന അമേഠി, റായ്ബറേലി മേഖലകളിലെ മുഴുവൻ സീറ്റുളും കോൺഗ്രസ് തിരികെ ആവശ്യപ്പെട്ടു. ഈ പ്രദേശങ്ങളിലെ എസ്പി എംഎൽഎമാർക്കെതിരെ ശക്തമായ ജനവികാരമുണ്ടെന്ന് യോഗത്തിൽ കോൺഗ്രസ് നേതാക്കൾ ഉന്നയിച്ചു. അതേസമയം കോൺഗ്രസ് പട്ടികയിൽ അഖിലേഷ് യാദവുമായി ചർച്ച ചെയ്ത് നിലപാട് വ്യക്തമാക്കുമെന്നും എസ്പി നേതാക്കൾ അറിയിച്ചു. സീറ്റ് വിഭജന ചർച്ചകൾ എങ്ങുമെത്തിയില്ലെങ്കിലും ഇരുപാർട്ടികളും ഐക്യത്തോടെ മുന്നോട്ട് നീങ്ങുമെന്ന് നേതാക്കൾ അറിയിച്ചു. എന്നാൽ, കോൺഗ്രസ് – എസ് ഐക്യം വ്യാജമാണെന്നും ഇരുപാർട്ടികൾക്കും അധികാരത്തോടുള്ള ആർത്തി മാത്രമാണെന്നും ബിജെപി ആരോപിച്ചു.

എസ്പിയിൽ അതൃപ്തി
അതേസമയം കോൺ​ഗ്രസിന്‍റെ കടുംപിടുത്തത്തിൽ സമാജ്വാദി പാർട്ടിയിൽ അതൃപ്തി പുകയുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. 403 നിയമസഭാ സീറ്റുകളിൽ കോൺഗ്രസ് നൽകിയ 130 സീറ്റിന്‍റെ പട്ടിക പ്രായോഗികമല്ലെന്ന നിലപാടിനാണ് എസ്പി നേതാക്കൾ. കോൺഗ്രസ് ആവശ്യപ്പെട്ടത് ഡസനിലധികം എസ്പി സിറ്റിംഗ് എംഎൽഎമാരുടെ സീറ്റുകളാണെന്നും ഇത് നൽകാനാകില്ലെന്നുമാണ് സമാജ്‍വാദി പാർട്ടി നേതാക്കളുടെ നിലപാട്. നാല്പത് സീറ്റാണ് കോൺഗ്രസിന് നൽകാൻ ഉദ്ദേശിക്കുന്നതെന്നും പരമാവധി പോയാൽ അറുപത് സീറ്റ് നൽകാമെന്നും അതിലപ്പുറം സാധ്യമല്ലെന്നും സമാജ്‍വാദി പാർട്ടി ഇന്നത്തെ യോഗത്തിൽ അറിയിക്കുമെന്നാണ് പുറത്ത് വരുന്ന സൂചന. അതേസമയം എസ്പിയുടെ സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്ന നിലപാടിലാണ് പ്രദേശിക കോൺഗ്രസ് നേതൃത്വം. ഏറ്റവും കുറഞ്ഞത് അൻപത്തിയഞ്ച് സീറ്റുകളിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും മറ്റ് സീറ്റുകളിൽ ചർച്ചയാകാമെന്നും കോൺഗ്രസ് ആവർത്തിക്കുന്നു. 2017 -ൽ മത്സരിച്ചതിനേക്കാൾ കൂടുതൽ സീറ്റിൽ ഉറപ്പായും മത്സരിക്കുമെന്നും കോൺ​ഗ്രസ് നിലപാട് വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button