KeralaNews

ഇടുക്കിയില്‍ ഏലത്തോട്ടത്തിലെ കുഴിയില്‍ കടുവ; മയക്കുവെടി വെച്ച് പിടികൂടി

ഇടുക്കിയിലെ വണ്ടന്‍മേട് മൈലാടുംപായില്‍ കുഴിയില്‍ വീണ കടുവയെ(Tiger) മയക്കുവെടിവെച്ച് പിടികൂടി. സ്വകാര്യ വ്യക്തിയുടെ ഏലതോട്ടത്തിലെ കുഴിയിലാണ് കടുവ വീണത്. കടുവയ്‌ക്കൊപ്പം കുഴിയില്‍ വീണ നായയെയും പുറത്തെത്തിച്ചു. പരിശോധനകള്‍ക്ക് ശേഷം കടുവയെ പെരിയാര്‍ വനത്തില്‍ തുറന്നുവിട്ടു. രാവിലെ ഏഴരയോടെയാണ് ഏലം തോട്ടത്തില്‍ എത്തിയ തൊഴിലാളികള്‍ നായയുടെ കരച്ചില്‍ കേട്ട് കുഴിയില്‍ നോക്കിയത്. നായക്കൊപ്പം കടുവയും ഉണ്ടെന്ന് കണ്ടെത്തിയതോടെ വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ‌‌

തുടര്‍ന്ന് വനവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി കുഴിയുടെ മുകള്‍വശം മൂടി. പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്നുള്ള വെറ്റിനറി ഡോക്ടര്‍ അടങ്ങുന്ന സംഘം സ്ഥലത്തെത്തി രണ്ട് ഡോസ് മയക്കുവെടി വെച്ചു. കുഴിയില്‍ അകപ്പെട്ട നായയ്ക്കും മയക്കുവെടിവെച്ചു. തുടര്‍ന്ന് ഒന്നര മണിക്കൂര്‍ കൊണ്ട് മയങ്ങിയ, ഏകദേശം രണ്ട് വയസ് പ്രായമുള്ള കടുവയെയും നായയെയും പുറത്തെത്തിക്കുകയായിരുന്നു. തമിഴ്‌നാടിന്റെ അതിര്‍ത്തി പ്രദേശമായ മൈലാടുപാറയില്‍ കടുവയുടെ സാന്നിധ്യം മുമ്പ് ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ഏലം കൃഷി ഏറെയുള്ള മേഖലയെങ്കിലും ജനവാസ മേഖല കൂടിയാണ് ഇവിടം.

പരിശോധനകള്‍ക്ക് ശേഷം ആവശ്യമായ ചികിത്സ നല്‍കി പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് എത്തിച്ച് കടുവയെ തുറന്നുവിട്ടു. നായയും കടുവയ്‌ക്കൊപ്പം കുഴിയില്‍ ഉണ്ടായിരുന്നതിനാല്‍ പേവിഷബാധ വാക്‌സിന്‍ ഉള്‍പ്പെടെ നല്‍കിയതിനു ശേഷം ആണ് കടുവയെ വനത്തില്‍ തുറന്നുവിട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button