InternationalKeralaNews

തൃശൂർ പൂരത്തിന് വർണാഭമായ കൊടിയിറക്കം; ഭഗവതിമാർ ഇന്ന് ഉപചാരം ചൊല്ലും

വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് പൂരത്തിന് ഇന്ന് സമാപനമാകും. പൂരത്തിന് സമാപനം കുറിച്ച്‌ പകൽ 12:30ന്‌ ഉപചാരം ചൊല്ലിപ്പിരിയും. പാറമേക്കാവ് -തിരുവമ്പാടി ഭഗവതിമാരുടെ തിടമ്പേറ്റി വടക്കുന്നാഥനെ സാക്ഷിയാക്കി പടിഞ്ഞാറേനടയിൽ ശ്രീമൂലസ്ഥാനത്തെത്തിയാണ് ഉപചാരം ചൊല്ലുക. രാവിലെ എട്ടോടെ 15 ആനകളും പാണ്ടിമേളവുമായി മണികണ്ഠനാൽ പന്തലിൽനിന്ന് പാറമേക്കാവും നായ്ക്കനാൽ പന്തലിൽനിന്ന് തിരുവമ്പാടിയും എഴുന്നള്ളിപ്പ് നടത്തി.

ഇനി അടുത്തപൂരത്തിന് കാണാമെന്ന് ജനാവലി പ്രഖ്യാപിക്കും. ഉപചാരം ചൊല്ലലിനുശേഷം അടുത്ത വർഷത്തെ പൂരം തീയതി പ്രഖ്യാപിക്കും. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ, കരിമരുന്നിൽ കത്തിയമർന്ന 16 മനുഷ്യജീവനുകളുടെ ഓർമയിൽ വെടിക്കെട്ട്‌ ഉപേക്ഷിച്ചതിനാൽ ഉപചാരം ചൊല്ലലിന്‌ ശേഷമുള്ള വെടിക്കെട്ട്‌ ഉണ്ടാവില്ല. രാത്രി ഉത്രം വിളക്കോടെ കൊടിയിറക്കും.

വെടിക്കെട്ട് ഒഴിവാക്കിയെങ്കിലും തൃശൂര്‍ പൂരത്തിന് മാറ്റുകുറഞ്ഞില്ല. ഇന്നു പുലര്‍ച്ചെനടക്കേണ്ടിയിരുന്ന വെടിക്കെട്ടിനു പകരം ആചാരപരമായി കതിനകള്‍ പൊട്ടിച്ച് ചടങ്ങ് പൂര്‍ത്തിയാക്കി. പാറമേക്കാവ്- തിരുവമ്പാടി വിഭാഗങ്ങള്‍. വടക്കുന്നാഥനിലെ നേമവെടിപൊട്ടിയ ശേഷം, വെടിക്കെട്ടിന് ഇക്കുറി ആദ്യം തിരികൊളുത്താന്‍ അവകാശമുള്ള പാറമേക്കാവ് വിഭാഗം മൂന്നു കതിനകള്‍ പൊട്ടിച്ചു. പിറകേ തിരുവമ്പാടിയും ആചാരമനുസരിച്ച് ഒരു കതിന പൊട്ടിച്ചു.

സാധാരണയായി ദിഗന്തങ്ങള്‍ വിറപ്പിക്കുന്ന വെടിക്കെട്ടാണ് തൃശൂര്‍ പൂരത്തിന്റേത്. വടക്കുന്നാഥ ക്ഷേത്രമൈതാനിയില്‍ പുലര്‍ച്ചെ മൂന്നുമുതല്‍ നാലുമണിക്കൂര്‍ വരെ നീളും വെടിക്കെട്ട്. ഇത്തവണ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കരിമരുന്ന് പ്രയോഗം പൂര്‍ണ്ണമായും ഒഴിവാക്കി. അതേസമയം മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റ ഒരാള്‍കൂടി മരിച്ചു. ചികിത്സയിലായിരുന്ന എടപ്പാള്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ എന്ന ബാബുവാണ് മരിച്ചത്. ഇതോടെ മരണസംഖ്യ പതിനാറായി ഉയര്‍ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button