
സ്വന്തം ഇഷ്ടങ്ങൾപോലും തിരിച്ചറിയാതെ, മറ്റുള്ളവരുടെ താത്‌പര്യങ്ങൾ സ്വന്തമെന്ന് കരുതി കഴിയുന്നവർ. അവരുടെ ഉള്ളിലേക്കിറങ്ങി സ്വയം തിരിച്ചറിയാനും മാനസികവും വൈകാരികവുമായ കരുത്ത് പകരാനും പദ്ധതിയുമായി വനിതാശിശുവികസനവകുപ്പ്. സംസ്ഥാനത്തുതന്നെ പൈലറ്റ് പ്രോജക്ടെന്ന രീതിയിൽ കോഴിക്കോട് ജില്ലയിലാണ് ’ഉള്ളം’ പദ്ധതി തുടങ്ങുന്നത്. ജില്ലാപഞ്ചായത്തുമായി സഹകരിച്ചാണു പദ്ധതി. സ്ത്രീകളുടെ ഉള്ളിലുള്ള ശക്തിയെ തിരിച്ചറിയാനും വളർത്താനും സഹായിക്കുന്ന വനിതാ വെൽനെസ് പദ്ധതി എന്ന രീതിയിലാണ് ‘ഉള്ളം’(അപ്‌ലിഫ്റ്റിങ് ലൈവ്‌സ് ത്രോ ലവ്, അവയർനസ് ആൻഡ് മൈൻഡ്ഫുൾനസ്) ആവിഷ്‌കരിച്ചിട്ടുള്ളത്. ജില്ലാതലത്തിൽ തുടങ്ങി താഴേതട്ടിലേക്കിറങ്ങും.
ആഴ്ചയിൽ ഒരു ദിവസമെങ്കിലും വാർഡുകളിൽ രാവിലെ ഒത്തുകൂടി വെൽനെസ് പരിശീലനം നൽകും. യോഗ, മെഡിറ്റേഷൻ, ചിരി പോലുള്ളവയിലൂടെ സ്വയം അറിയാനുള്ള അവസരമുണ്ടാക്കും. നമുക്ക് ഉള്ളതിനോട് നന്ദി പറയാൻ, ശ്വാസത്തെ ശ്രദ്ധിച്ച് ശാന്തതയിലേക്കെത്താൻ, ശരീരത്തിന്റെ പിരിമുറുക്കം കുറയ്ക്കാൻ, കേൾക്കാനും പങ്കുവെക്കാനും വേണ്ടിയെല്ലാമുള്ള ഇടമായിരിക്കും ‘ഉള്ളം’.
ഓരോ വാർഡിലും രണ്ട് ‘ഉള്ളം’ സർക്കിളുകൾ ഉണ്ടാകും. അവിടെ രണ്ടുവീതം ഫെസിലിറ്റേറ്റർമാരുണ്ടാകും. ഐ.സി.ഡി.എസ്. സൂപ്പർവൈസർമാർ, കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ, കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്‌സൺമാർ എന്നിവരുടെയെല്ലാം പിന്തുണ ഇവിടെയുണ്ടാവും.
ജാഗ്രതാസമിതികളിൽ പല സ്ത്രീകളും പറയുന്ന പ്രശ്‌നങ്ങളിൽനിന്നാണ് ‘ഉള്ള’ത്തിന്റെ ആശയം രൂപപ്പെട്ടത്. അതിക്രമങ്ങളും ദുരുപയോഗങ്ങളും പലരും തിരിച്ചറിയുന്നില്ല. അതുപോലെ എങ്ങനെ പ്രതികരിക്കണം, സഹായം തേടണം തുടങ്ങിയ കാര്യങ്ങളും അറിയാതെ പോകുന്നു.മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം ജീവിതവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ പങ്കാളികളാകാനും വെല്ലുവിളികളെ നേരിടാനും പ്രാപ്തരാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് പദ്ധതി ആസൂത്രണംചെയ്ത വനിതാശിശുവികസനവകുപ്പ് ജില്ലാ ഓഫീസർ ടി. ഹഫ്‌സത്ത് പറഞ്ഞു.
ഭാവിയിൽ ഇത്തരം കേന്ദ്രങ്ങളിൽ സ്വയംപ്രതിരോധ പരിശീലനം, അതല്ലെങ്കിൽ ആവശ്യമായ തൊഴിൽ പരിശീലനം എന്നിവയിലേക്കെല്ലാം കടക്കാനും ലക്ഷ്യമിടുന്നുണ്ട്.
’’’പരിശീലനമൊക്കെ നടന്നുവരുകയാണ്. വൈകാതെ തന്നെ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടത്തും. എല്ലാവർക്കും മാതൃകയാവുന്ന രീതിയിൽ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമിക്കുന്നത്’’ – ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ പി. ബൽക്കീസ് പറഞ്ഞു.



