മൃതദേഹങ്ങളുടെ തലയിൽ ആഴത്തിലുള്ള മുറിവ്, ഫർസാനയുടെ മുഖം വികൃതമായി
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് ഇന്നലെ രാത്രി വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന്റെ വാർത്ത പുറത്തുവന്നത്. 23കാരനായ പ്രതി അഫാൻ അതിക്രൂരമായാണ് അഞ്ചുപേരെയും കൊലപ്പെടുത്തിയത്. എല്ലാ മൃതദേഹങ്ങളിലും തലയിൽ മാരകമായ മുറിവുകളുണ്ട്. വലിയ ഇരുമ്പ് ചുറ്റിക ഉപയോഗിച്ചാണ് പ്രതി കൊലപാതകങ്ങൾ നടത്തിയതെന്നാണ് വിവരം.
പ്രതിയുടെ പെൺസുഹൃത്തായ ഫർസാനയുടെ നെറ്റിയിൽ വലിയ ചതവുണ്ട്. ചെവിയുടെ ഭാഗത്ത് ആഴത്തിലുള്ള മുറിവുമുണ്ട്. മുഖം വികൃതമായ നിലയിലായിരുന്നു. പിതൃമാതാവായ സൽമ ബീവിയെ ചുമരിൽ തലയിടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. പിതൃസഹോദരൻ ലത്തീഫിനെയും ഭാര്യ ഷാഹിദയെയും തലയ്ക്കടിച്ചാണ് പ്രതി കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ ആയുധം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയുടെ സഞ്ചാര പാത കണ്ടെത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്.
ഇന്നലെ രാത്രിയാണ് ക്രൂരമായ കൂട്ടക്കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. മാതാവിനെ ആക്രമിച്ചായിരുന്നു തുടക്കം. മാതാവിന്റെ കഴുത്തിൽ ഷാൾ കുരുക്കിയ ശേഷം നിലത്തേക്ക് എറിഞ്ഞു. തലയിടിച്ച് ബോധരഹിതയായ മാതാവിനെ മുറിക്കുള്ളിലാക്കിയ ശേഷം പ്രതി പോയത് പാങ്ങോടുള്ള പിതൃമാതാവിന്റെ വീട്ടിലേക്കാണ്. പിന്നീടായിരുന്നു കൊലപാതക പരമ്പര നടന്നത്.പ്രതി അഫാന്റെ പെൺസുഹൃത്ത് ഫർസാന, സഹോദരൻ അഫ്സാൻ, പിതാവിന്റെ സഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, പിതൃമാതാവ് സൽമ ബീവി എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് വീടുകളിലായിട്ടായിരുന്നു കൊലപാതകം നടത്തിയത്. ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു