News

ബോഡി ബിൽഡിംഗ് താരങ്ങളെ പൊലീസിൽ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തിന് തിരിച്ചടി

തിരുവനന്തപുരം: ബോഡി ബിൽഡിംഗ് താരങ്ങളെ പൊലീസിൽ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തിന് തിരിച്ചടി. മന്ത്രിസഭാ തീരുമാനത്തിനെതിരെ നൽകിയ ഹർജിയിൽ കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ അനുവദിച്ചു. ഇതോടെ അന്തിമ തീരുമാനമാകുന്നത് വരെ നിയമനവുമായി മുന്നോട്ട് പോകാനാവില്ല. ശരീരസൗന്ദര്യ മത്സര വിജയികളായ ഷിനു ചൊവ്വ, ചിത്തരേശൻ നടേശൻ എന്നിവർക്ക് ഇൻസ്‌പെക്‌ടർ തസ്‌തികയിൽ നിയമനം നൽകാനായിരുന്നു മന്ത്രിസഭാ തീരുമാനം.

ഒളിമ്പിക്‌സിലോ ദേശീയ ഗെയിംസിലോ മത്സര ഇനമല്ലാത്ത പുരുഷ ശരീര സൗന്ദര്യ മത്സരത്തിലെ വിജയികൾക്ക് ആംഡ് പൊലീസ് ഇൻസ്ർപെക്‌ടർമാരായി നിയമനം നൽകാനായിരുന്നു സർക്കാർ നീക്കം. അന്താരാഷ്‌ട്ര ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ വിജയിച്ചയാളാണ് ചിത്തരേഷ് നടേശൻ. ലോക പുരുഷ സൗന്ദര്യ മത്സരത്തിൽ വെള്ളി മെഡൽ നേടിയയാളാണ് ഷിനു ചൊവ്വ.എന്നാൽ, ദിവസങ്ങൾക്ക് മുമ്പ് നടന്ന പൊലീസ് കായിക ക്ഷമത പരീക്ഷയിൽ ഷിനു ചൊവ്വ തോറ്റിരുന്നു. പരീക്ഷയിൽ 100 മീറ്റർ ഓട്ടം, ലോംഗ് ജംപ്, ഹൈ ജംപ്, 1500 മീറ്റർ ഓട്ടം എന്നിവയിലാണ് പരാജയപ്പെട്ടത്. ചിത്തരേഷ് നടേശൻ പങ്കെടുത്തിരുന്നില്ല. എസ്‌എപി ക്യാമ്പിലായിരുന്നു പരീക്ഷ.

ഷിനു ചൊവ്വയ്‌ക്ക് വീണ്ടും കായിക ക്ഷമത പരീക്ഷയ്‌ക്ക് അവസരം നൽകാനിരിക്കെയാണ് ട്രിബ്യൂണൽ തീരുമാനം സ്റ്റേ ചെയ്‌തത്.ഒളിമ്പിക്‌സിലും ദേശീയ ഗെയിംസിലും അംഗീകരിച്ചിട്ടുള്ള കായിക ഇനങ്ങളിൽ മെഡലുകൾ നേടിയ താരങ്ങൾക്കാണ് സ്‌പോർട്‌സ് ക്വാട്ടയിൽ പൊലീസ് നിയമനം നൽകുന്നത്. ഇത് മറികടന്നാണ് മന്ത്രിസഭാ തീരുമാനമെടുത്തത്. ദേശീയ, അന്തർ ദേശീയ തലത്തിൽ രണ്ടുപേരുമുണ്ടാക്കിയ നേട്ടവും കുടുംബ പശ്ചാത്തലവും പരിഗണിച്ച് നിയമനം നൽകുന്നുവെന്നായിരുന്നു ഉത്തരവ്. ചട്ടങ്ങളിൽ ഇളവ് വരുത്തി സൂപ്പർന്യൂമറി തസ്‌തിക സൃഷ്‌ടിച്ചാണ് നിയമനം നൽകാൻ നീക്കം നടന്നത്. അന്തർദേശീയ – ദേശീയ തലങ്ങളിൽ മെഡലുകൾ കരസ്ഥമാക്കിയ താരങ്ങൾ നിയമനത്തിനായി കാത്തുനിൽക്കുമ്പോഴാണ് ചട്ടവിരുദ്ധ നിയമന നീക്കം നടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button