KeralaNews

തലപ്പാടി അപകടം; ബസ് ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു

തലപ്പാടി ദേശീയപാതയില്‍ രണ്ട് കുട്ടകളടക്കം ആറ് പേരുടെ മരണത്തിനിടയാക്കിയ കര്‍ണാടക ആര്‍ടിസി ബസ് ഡ്രൈവറെ റിമാന്‍ഡ് ചെയ്തു.കര്‍ണാടക സ്വദേശി നിജലിംഗപ്പ ചലവാടിയ്‌ക്കെതിരെയാണ് മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമാണെന്ന് കണ്ടെത്തിയിരുന്നു ഇതിന് പിന്നാലെയാണ് നടപടി. അപകടത്തിന് ശേഷം ഡ്രൈവറേയും കണ്ടക്ടറെയും മഞ്ചേശ്വം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

വ്യാഴാഴ്ച്ച ഉച്ചയോടെയാണ് ആറ് പേരുടെ മരണത്തിന് കാരണമായ അപകടം ഉണ്ടാകുന്നത്. കാസര്‍കോട് നിന്നും മംഗളൂരുവിലേക്ക് പോകവെ ബസ് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. റോഡില്‍ നിന്ന് തെന്നിമാറിയ ബസ് മറ്റൊരു റിക്ഷയിലും റോഡരികില്‍ ബസ് കാത്ത് നിന്നവരെയും ഇടിച്ച് തെറിപ്പിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍ ഹൈദരലി, യാത്രക്കാരായ ഹവ്വമ്മ, ഖദീജ, നബീസ, ആയിഷ ഫിദ, ഹസ്‌ന എന്നിവരാണ് മരിച്ചത്. ബസ് കാത്തുനിന്ന രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകട കാരണമെന്ന് ഡ്രൈവര്‍ വ്യക്തമാക്കിയിരുന്നെങ്കിലും വിശദ പരിശോധനയില്‍ ബ്രേക്കിന് പ്രശ്‌നങ്ങളില്ല എന്ന് കണ്ടെത്തിയിരുന്നു. അമിത വേഗവും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തി. അപകടം നടന്ന സ്ഥലത്തിന് സമീപത്തെ റോഡിന് വീതി കുറവുള്ളതും ബസിന്റെ ടയറുകള്‍ തേഞ്ഞ് തീരാറായതും അപകടത്തിന് മറ്റൊരു കാരണമാണെന്നും പരിശോധനയില്‍ നിന്ന് വ്യക്തമായി. പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സ ചിലവുകളും കര്‍ണാടക സര്‍ക്കാര്‍ വഹിക്കുമെന്ന് ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ അക്രം പാഷ വ്യക്തമാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തും. അപകടത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അപകടത്തില്‍ പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ കഴിയുന്ന ലക്ഷ്മിയുടെ നില ഗുരുതരമായി തുടരുകയാണ്. തലയ്ക്കും കൈകള്‍ക്കുമാണ് ഇവര്‍ക്ക് പരിക്ക്. ശസ്ത്രക്രിയക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കൈകള്‍ക്ക് പരിക്കേറ്റ ഇവരുടെ മകന്‍ സുരേന്ദ്ര അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ മരിച്ച ആറുപേരുടെയും കബറടക്കം നടത്തി. ഓട്ടോഡ്രൈവറായ ഹൈദരലിയെ അജ്ജിനടുക്ക മസ്ജിദ് കബര്‍സ്ഥാനിലും അവ്വമ്മ, ബന്ധുക്കളായ ഖദീജ, നഫീസ, ആയിഷ ഫിദ, ഹസ്നത്ത് എന്നിവരെ കല്ലാപ്പു മസ്ജിദ് കബര്‍സ്ഥാനിലുമാണ് കബറടക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button