KeralaNews

ശബരിമല സ്വര്‍ണപ്പാളി: ദേവസ്വം വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍

ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം വിജിലന്‍സ് ഇന്ന് കേരള ഹൈക്കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമർപ്പിക്കും. ദേവസ്വം വിജിലന്‍സ് എസ്പി സുനില്‍കുമാറാണ് റിപ്പോര്‍ട്ട് കോടതിക്ക് കൈമാറുക. ഇടക്കാല റിപ്പോര്‍ട്ടിനേക്കാള്‍ കൂടുതല്‍ കണ്ടെത്തലുകള്‍ അന്തിമ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. ഉദ്യോഗസ്ഥ വീഴ്ച സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സ്വര്‍ണപ്പാളി അറ്റകുറ്റപ്പണി നടത്തിയ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ മൊഴി ദേവസ്വം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ട് വന്നത് ചെമ്പു പാളിയാണെന്നും,സ്വര്‍ണ്ണം പൂശിയതിലും പൊതിഞ്ഞതിലും തങ്ങള്‍ വീണ്ടും അറ്റകുറ്റപ്പണി ചെയ്യാറില്ലെന്നും നേരത്തെ സ്മാര്‍ട്ട് ക്രിയേഷന്‍സ് അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു.

2019 ല്‍ വിജയ് മല്യ സംഭാവന ചെയ്ത സ്വര്‍ണം കൊണ്ട് പൊതിഞ്ഞ ദ്വാരപാലക ശില്‍പ്പങ്ങളും പിന്നീട് സ്വര്‍ണം പൂശിയ വിഗ്രഹങ്ങളും തമ്മില്‍ വ്യത്യാസമുണ്ടെന്ന് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ശബരിമലയിലെ സ്‌ട്രോങ് റൂമില്‍ അടക്കം വിജിലന്‍സ് സംഘം പരിശോധന നടത്തിയിരുന്നു. ശബരിമലയിലെ സ്വത്തുവകകള്‍, ആഭരണങ്ങള്‍ തുടങ്ങിയവ രേഖപ്പെടുത്തുന്ന രജിസ്റ്ററുകളില്‍ കൃത്രിമത്വം നടത്തിയിട്ടുണ്ടോയെന്നും വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. എസ്പി എസ് ശശിധരനാണ് അന്വേഷണ ചുമതല. രണ്ട് എസ്എച്ച്ഒമാര്‍, സൈബര്‍ വിദഗ്ധന്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. സ്വര്‍ണ മോഷണത്തില്‍ ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് കെ ടി ശങ്കരന്‍ ശനിയാഴ്ച സന്നിധാനത്തെത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button