KeralaNews

പേരൂർക്കടയിലെ മാല കാണാതായ സംഭവം : പൊലീസുകാർക്ക് മുന്നറിയിപ്പുമായി എഡിജിപി

സ്വർണമാല കാണാതായ സംഭവത്തിൽ ദളിത് സ്ത്രീയെ അന്യായമായി പേരൂർക്കട പൊലീസ് കസ്റ്റഡിയിൽ വച്ച സംഭവത്തിൽ പൊലീസുകാർക്ക് മുന്നറിയിപ്പുമായി എഡിജിപി. മാന്യമായി പെരുമാറിയില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നാണ് വീണ്ടും മുന്നറിയിപ്പ് നൽകിയത്. മാല കാണാതായ സംഭവത്തിൽ തുടരന്വേഷണം നടത്താനും എഡിജിപി എച്ച്.വെങ്കിടേഷ് നിർദേശം നൽകി.

സംഭവം വലിയ വിവാദമാവുകയും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിമർശനം ഉയരുകയും ചെയ്തതോടെയാണ് എഡിജിപി പൊലീസുകാരോട് ആദ്യം മാന്യമായി പെരുമാറണമെന്ന് ആവശ്യപ്പെട്ടത്. പിന്നാലെ ഇന്നലെ എഡിജിപി വിളിച്ച വീഡിയോ കോൺഫറൻസിലും അദ്ദേഹം നിലപാട് ആവർത്തിച്ചു. മാന്യമായി പെരുമാറാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടക്കുകയാണ്. ബിന്ദുവിൻ്റെ മൊഴി പ്രകാരം കുടിക്കാൻ വെള്ളം പോലും പൊലീസുകാർ നൽകിയില്ല. ഈ ആരോപണം അടക്കം പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളടക്കം മുൻനിർത്തി പരിശോധിക്കുന്നുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെയാണ് അന്വേഷണം. ഇതോടെ പേരൂർക്കട പൊലീസ് സ്റ്റേഷനിലെ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് കരുതുന്നത്.

മാല കാണാതായെന്ന ഓമനയുടെ പരാതിയിൽ മാല കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. ബിന്ദു ജോലിക്ക് നിന്നിരുന്ന വീടിൻ്റെ ഉടമയാണ് ഓമന. ബിന്ദുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മണിക്കൂറുകൾക്ക് ശേഷം ഓമനയുടെ വീട്ടിലെ ചവറുകൂനയിൽ നിന്നാണ് മാല കണ്ടെത്തിയത്. ഇതോടെയാണ് കേസ് അവസാനിപ്പിച്ചത്. എന്നാൽ പരാതി വ്യാജമായിരുന്നോയെന്നടക്കം വിശദമായി സംഭവം അന്വേഷിക്കാനാണ് എഡിജിപിയുടെ നിർദേശം. ബിന്ദു പരാതി നൽകുകയാണെങ്കിൽ അതിൽ അന്വേഷണം നടത്തും. തുടരന്വേഷണം നടക്കുകയാണെങ്കിൽ ജില്ലാ ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷണം നടത്തുമെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button