KeralaNews

പാലക്കാട് ജൂവലറി മോഷണത്തിന് പിന്നിൽ കൃത്യമായ ആസൂത്രണമെന്ന് പോലീസ്

പാലക്കാട് സനാദിന്റെ വീടിനുമുന്നിലെ ഒറ്റമുറിയിലാണ് 12 വർഷമായി ജൂവലറി പ്രവർത്തിക്കുന്നത്. ഉടമ ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലേക്കു പോയ സമയത്താണ് മോഷ്ടാക്കളെത്തിയത്. ജൂവലറിയിലുണ്ടായിരുന്ന ജീവനക്കാരികളോട് ഇവർ ഉടമയെ അന്വേഷിച്ചു. രണ്ടു ജീവനക്കാരിലൊരാൾ സനാദിനെ വിളിക്കാൻ പോയി. സനാദിന്റെ ഭാര്യ ശ്രീവിദ്യ ജൂവലറിയിലെത്തിയപ്പോഴേക്കും മോഷ്ടാക്കളിലൊരാൾ തോക്കുചൂണ്ടി.

മറ്റു രണ്ടുപേർ പാന്റ്‌സിന്റെ പോക്കറ്റിലും അരയിലുമായി സൂക്ഷിച്ചിരുന്ന കത്തികളെടുത്തു വീശി. ഇതോടെ നിലവിളിച്ച ജീവനക്കാരികളും ശ്രീവിദ്യയും സ്റ്റൂളുകളും മറ്റും ഉപയോഗിച്ച് മോഷ്ടാക്കളെ പ്രതിരോധിക്കാൻ നോക്കി. ഇതിനിടെ മോഷ്ടാവ് തോക്ക് മുകളിലേക്കുയർത്തി വെടിയുതിർത്തു.ശബ്ദംകേട്ടെത്തിയ സനാദും മകനും മോഷ്ടാക്കളെ പ്രതിരോധിക്കാൻ നോക്കിയെങ്കിലും അഞ്ചു ട്രേകളിലായി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും മറ്റുചില ട്രേകളിൽ സൂക്ഷിച്ചിരുന്ന സ്വർണമാലകളും അവർ കൈക്കലാക്കി. വന്ന കാറിൽത്തന്നെ അതിവേഗം രക്ഷപ്പെട്ടു.

മോഷ്ടാക്കൾ ഹിന്ദിയാണ് സംസാരിച്ചിരുന്നതെന്ന് ജൂവലറിയിലെ ജീവനക്കാരി ബിബിത പറഞ്ഞു. ഡിവൈ.എസ്.പി. കെ.സി. വിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെത്തേടി കോയമ്പത്തൂരിലെത്തി. ചിറ്റൂർ, കൊഴിഞ്ഞാമ്പാറ സ്റ്റേഷനുകളിലെ പോലീസ് സംഘവും ക്രൈം സ്‌ക്വാഡും കോയമ്പത്തൂർ, പഴനി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വ്യാഴാഴ്ച രാത്രി തിരച്ചിൽ നടത്തി. ജില്ലാ പോലീസ് മേധാവി അബ്ദുൾ റാഷി, വിരലടയാളവിദഗ്ധർ, ബാലിസ്റ്റിക് വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി. വെടിയുണ്ടയുടെ അവശിഷ്ടങ്ങൾ ജൂവലറിയിൽനിന്ന് പോലീസ് കണ്ടെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button