
പൊട്ടിവീണ കെഎസ്ഇബി ലൈനില്‍ നിന്നും ഷോക്കേറ്റ് മരണം. പാലക്കാട് കൊടുമ്പ് ഓലശ്ശേരി സ്വദേശി മാരിമുത്തുവാണ് (72) മരിച്ചത്. ഇന്ന് രാവിലെയാണ് മാരിമുത്തുവിന് ഷോക്കേറ്റത്. സ്വന്തം തോട്ടത്തില്‍ തേങ്ങ നോക്കാന്‍ പോയപ്പോഴായിരുന്നു മാരിമുത്തു അപകടത്തില്‍പ്പെട്ടത്.
മോട്ടോര്‍ പുരയിലേക്കുള്ള വൈദ്യുതി ലൈന്‍ പൊട്ടിവീണ നിലയില്‍ കണ്ടെത്തി. തോട്ടത്തിലേക്ക് പോയ മാരിമുത്തു തിരിച്ച് വരാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആണ് മാരിമുത്തുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എല്ലാ ദിവസവും രാവിലെ പതിവായി മാരിമുത്തു തോട്ടത്തിലേക്ക് പോകുന്ന പതിവുണ്ടായിരുന്നു. ഇന്നും ഇതിനായി ഇറങ്ങി. ഏഴ് മണിയോടെ ഒരു തവണ മാരിമുത്തു തേങ്ങയുമായി തിരിച്ച് വീട്ടിലെത്തിയിരുന്നു. ഇതിന് ശേഷം വീണ്ടും തോട്ടത്തിലേക്ക് പോയപ്പോഴായിരുന്നു അപകടം ഉണ്ടായത്.
കഴിഞ്ഞ ദിവസം ശക്തമായ കാറ്റും മഴയുമായിരുന്നു പ്രദേശത്തുണ്ടായത്. ഇതിനിടെ ആയിരിക്കാം വൈദ്യുതി കമ്പി പൊട്ടിവീണത്. തെങ്ങില്‍ ഉറഞ്ഞാണ് വൈദ്യുതി ലൈന്‍ പൊട്ടിവീണത് എന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് ടൗണ്‍ സൗത്ത് പൊലീസും കെഎസ്ഇബി അധികൃതരും സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. വൈദ്യുതി മന്ത്രി കെ കൃഷ്ണന് കുട്ടിയും സ്ഥലം സന്ദര്‍ശിക്കും.