
ഓണം ഗംഭീരമാക്കാൻ സ്പെഷ്യൽ കിറ്റുകളുമായി സപ്ളൈകോ. വിപണി ഇടപെടലിന്റെ ഭാഗമായാണ് മൂന്ന് ഓണക്കിറ്റുകൾ സപ്ളൈകോ പുറത്തിറക്കിയത്. അത്തംകിറ്റ്, ഉത്രാടംകിറ്റ്, തിരുവോണം കിറ്റ് എന്നിങ്ങനെയാണ് കിറ്റുകൾക്ക് പേര് നൽകിയിരിക്കുന്നത്. കൂടാതെ ശബരി സിഗ്നേച്ചർ കിറ്റ് എന്ന പേരിൽ ഒമ്പത് ശബരി ഉല്പന്നങ്ങൾ അടങ്ങിയ കിറ്റും വിപണിയിൽ ലഭ്യമാണ്.
അത്തം കിറ്റിൽ 21 ഇനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 1280 രൂപ വരുന്ന സാധനങ്ങൾ ഇളവുകളോടെ 1000 രൂപയ്ക്കാണ് സപ്ളൈകോ നൽകുന്നത്. ഉത്രാടം കിറ്റിൽ 25 ഇനങ്ങളും തിരുവോണം കിറ്റിൽ 30 ഇനങ്ങളുമാണ് ഉള്ളത്. ഉത്രാടം കിറ്റിന്റെ വില 1500 രൂപയും തിരുവോണം കിറ്റിന്റെ വില 2000 രൂപയുമാണ്.
തിരുവോണം കിറ്റിൽ 2540 രൂപയുടെ സാധനങ്ങളാണ് 2000 രൂപയ്ക്ക് ലഭ്യമാക്കിയിരിക്കുന്നത്. 1880 രൂപ വില വരുന്ന സാധനങ്ങളാണ് ഉത്രാടം കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സപ്ളൈകോ നൽകുന്ന ഇളവുകളോടെ 1500 രൂപ നൽകി ഉത്രാടം കിറ്റ് വാങ്ങിക്കാം.ഓണക്കിറ്റുകൾക്ക് പുറമെ നിരവധി സമ്മാനങ്ങളും ബോണസുകളും സപ്ളൈകോ നൽകുന്നുണ്ട്.
ഗിഫ്റ്റ് കൂപ്പണും വലിയ ഓഫറുകളുമായി വിപണി കീഴടക്കാനാണ് സപ്ളൈകോ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷവും ഓണത്തിന് വിപണി ഇടപെടലുമായി സപ്ളൈകോ സജീവമായിരുന്നു. ഓണച്ചന്ത അടക്കമുള്ളവയിലൂടെ റെക്കോർഡ് വിറ്റുവരവാണ് സപ്ളൈകോ കഴിഞ്ഞവർഷം നടത്തിയത്.



