
സംസ്ഥാനത്ത് പുതിയ മദ്യനയം രൂപീകരിക്കുന്നതിനായി നടപടികൾ ആരംഭിക്കുമെന്ന് എക്സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി. മദ്യവ്യാപനത്തെ എക്സൈസ് വകുപ്പ് പ്രോത്സാഹിപ്പിക്കില്ലെന്നും, ഘട്ടംഘട്ടമായി മദ്യ ഉപഭോഗം കുറച്ചുകൊണ്ടുവരിക എന്നതാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭാ സമ്മേളനത്തിന് ശേഷം വിവിധ മേഖലകളിലുള്ളവരുമായി ചർച്ച നടത്തിയ ശേഷമാകും പ്രോഗ്രസീവായ പുതിയ മദ്യനയം ആവിഷ്കരിക്കുക.വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് മന്ത്രി ആവർത്തിച്ചു. ബജറ്റിൽ നികുതി നിശ്ചയിച്ചു എന്നത് കൊണ്ട് മാത്രം വിൽപന നടത്താൻ കഴിയില്ല.
എക്സൈസ് കമ്മീഷണർക്ക് ലഭിക്കുന്ന അപേക്ഷകളിൽ മദ്യനയം വരും മുൻപ് തീരുമാനം എടുക്കേണ്ടി വന്നാൽ, മന്ത്രിയെന്ന നിലയിൽ താൻ അനുമതി നിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നികുതി കുറച്ചതിനെതിരെ മുതിർന്ന നേതാവ് വി.എം. സുധീരൻ ഉന്നയിച്ച വിമർശനങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, അദ്ദേഹത്തിന് സ്വന്തം അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും അതിൽ തെറ്റില്ലെന്നുമാണ് മന്ത്രി മറുപടി നൽകിയത്.



