
നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകത്തില്‍ പ്രതി അഷ്കറിനെ തെളിവെടുപ്പിന് എത്തിച്ചു. നെടുമങ്ങാട് പൊലീസിന്റെ നേതൃത്വത്തില്‍ കുഞ്ഞിനൊപ്പം അഷ്കറും അഖിലയും താമസിച്ചിരുന്ന നെല്ലിക്കുന്ന് കരിക്കുഴിയിലുളള വാടക വീട്ടിലാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനിടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി. അഷ്കറിനു നേരെ ആക്രോശിച്ചെത്തിയ നാട്ടുകാര്‍ കയ്യേറ്റ ശ്രമം നടത്തി. ഇന്ന് പുലര്‍ച്ചെ പ്രതിയുടെ വാഹനം അജ്ഞാത സംഘം അടിച്ചുതകര്‍ത്തിരുന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ തലയ്ക്ക് അടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് അഷ്കര്‍ പൊലീസിന് നല്കിയ മൊഴി.
ടാക്സി തൊഴിലാളിയായിരുന്നു അഷ്കര്‍. ആറ് മാസം മുന്‍പാണ് അഷ്കര്‍ പനവൂരിലെ വാടക വീട്ടിലേക്ക് എത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. രണ്ട് മാസം മുന്‍പായിരുന്നു അഖിലയും കുഞ്ഞും ഇവിടേയ്ക്ക് എത്തിയത്. അധികം സഹകരണമില്ലാത്ത പ്രകൃതക്കാരായിരുന്നു അഷ്കറും അഖിലയും. കുഞ്ഞിനെ അധികം പുറത്തേക്ക് കണ്ടിരുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. അഷ്കറും അഖിലയും താമസിച്ചിരുന്ന വീടിന് സമീപം അധികം വീടുകള്‍ ഇല്ല. അതുകൊണ്ടുതന്നെ കുഞ്ഞിനെ കൊലപ്പെടുത്താന്‍ ഇത്തരത്തിലൊരു വീട് തെരഞ്ഞെടുത്തതാണോ എന്ന സംശയമുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
കുഞ്ഞിന്റെ കൊലപാതകത്തില്‍ അഷ്കര്‍ കുറ്റം സമ്മതിച്ചിരുന്നു. സംഭവ ദിവസം ചോറ് നല്‍കുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും കരച്ചില് നിര്‍ത്താത്തതിനെ തുടര്‍ന്ന് തലയില്‍ ശക്തമായി അടിച്ചെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. അടിയേറ്റ കുഞ്ഞിന്റെ ബോധം നഷ്ടമായെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. പ്രതിയുടെ മൊഴിയുടെയും കുഞ്ഞിന്റെ ശരീരത്തിലേറ്റ മുറിവുകളുടെയും അടിസ്ഥാനത്തില്‍ ദീര്‍ഘനാളായി ഇയാള്‍ കുഞ്ഞിനെ മര്‍ദ്ദിച്ചിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കുഞ്ഞിന്റെ കൈകള്‍ ഒടിഞ്ഞത് പ്രതിയുടെ ആക്രമണത്തില്‍ ആണോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. കൊലപാതകത്തില്‍ അമ്മ അഖിലയുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.



