
മുതലപ്പൊഴിയിലും വിഴിഞ്ഞത്തും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി പതിനാലാം ദിവസവും തിരച്ചിൽ തുടരും. പൂവാർ, പൊഴിയൂർ, കൊല്ലംകോട് തീരങ്ങളിലും കന്യാകുമാരി, കൊച്ചി പുറംകടലുകളിലും ഹെലികോപ്റ്ററും കപ്പലുകളും വള്ളങ്ങളും ഉപയോഗിച്ച് ഇന്ന് വിപുലമായ പരിശോധന നടത്തും. മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുക. മുതലപ്പൊഴിയിൽ കാണാതായ ഷിജിനായി കോസ്റ്റൽ പൊലീസിന്റെ റെസ്ക്യൂ ബോട്ടും ഫിഷറീസ് വള്ളങ്ങളും ഉപയോഗിച്ച് കഴിഞ്ഞ ദിവസം തിരച്ചിൽ നടത്തിയിരുന്നു. വിഴിഞ്ഞത്ത് കാണാതായ ജോൺ മത്യാസിനായി കൊച്ചിയിൽ നിന്നും തൂത്തുക്കുടിയിൽ നിന്നുമെത്തിയ കപ്പലുകളും മേഖലയിൽ തിരച്ചിൽ തുടരുകയാണ്.
അതേസമയം, മുതലപ്പൊഴിയിൽ കായലിൽ വീണ് കാണാതായ അഞ്ചുതെങ്ങ് സ്വദേശി പ്രവീനിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കിട്ടിയിരുന്നു. മുതലപ്പൊഴി താഴംപള്ളി ലേലഹാളിന് സമീപം കായലിൽ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ അഴിമുഖം കടന്ന് കായലിൽ പ്രവേശിക്കുമ്പോൾ അപസ്മാരം ഉണ്ടാകുകയും തുടർന്ന് കായലിലേക്ക് വീഴുകയുമായിരുന്നു.
അഞ്ചുതെങ്ങ് സ്വദേശി ഷിജിൻ, പുല്ലുവിള സ്വദേശി ജോൺ മത്യാസ് എന്നിവരെ കണ്ടെത്താനുള്ള എല്ലാവിധ പിന്തുണയും സർക്കാർ വാഗ്ധാനം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി വി.ഡി സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ഫിഷറീസ് മന്ത്രി വി.ഇ അബ്ദുൽ ഗഫൂർ എന്നിവർ കഴിഞ്ഞ ദിവസം തീരമേഖലയിൽ സന്ദർശനം നടത്തിയിരുന്നു. മുതലപ്പൊഴിയില്‍ അപകടത്തില്‍പെട്ട് കാണാതായ അഞ്ചുതെങ്ങ് കൊച്ചുമേത്തന്‍കടവ് ഷെക്കേന ഭവനില്‍ ഷിജിനെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യവുമായി കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ തുടക്കത്തിൽ വീഴ്ചയുണ്ടായെന്നാണ് കുടുംബം ആരോപിക്കുന്നത്. അപകടസമയത്തെ ഒഴുക്ക് തെക്ക് ദിശയിലേക്കായതിനാല്‍ മുങ്ങല്‍വിദഗ്ധര്‍ വേളി, പള്ളിത്തുറ, തുമ്പ തീരങ്ങളില്‍ വ്യോമ-ജല മാര്‍ഗങ്ങളിലൂടെ പരിശോധനകള്‍ നടത്തിയിരുന്നു. ബന്ധുക്കള്‍ സ്വന്തം നിലയില്‍ സ്കൂബ ഡൈവിങ് ടീമിനെ കൊണ്ടുവന്ന് തിരച്ചില്‍ നടത്താന്‍ ശ്രമിച്ചപ്പോള്‍ വിവിധ പേപ്പറുകളില്‍ ഒപ്പിട്ടുനല്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നിരുന്നു. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ പരാതിയും ഉന്നയിച്ചിരുന്നു.


