KeralaNews

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷനില്‍ പിടി വീണു; കുറഞ്ഞ സര്‍വീസ് കാലാവധി നാല് വര്‍ഷം

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് ഇനി മുതല്‍ പെന്‍ഷന് നാലുവര്‍ഷം സര്‍വീസ് നിര്‍ബന്ധമാക്കി. നിലവില്‍ രണ്ടുവര്‍ഷം സര്‍വീസുണ്ടെങ്കില്‍ അര്‍ഹതയുണ്ടായിരുന്നു. രണ്ടുവര്‍ഷത്തില്‍ കൂടുതലുണ്ടെങ്കില്‍ മൂന്നുവര്‍ഷമായി കണക്കാക്കിയും പെന്‍ഷന്‍ നല്‍കിയിരുന്നു. ഒരു മന്ത്രിസഭയുടെ ഏതാണ്ട് ഭൂരിഭാഗം കാലത്തും സര്‍വീസ് ഉണ്ടെങ്കില്‍ മാത്രം പെന്‍ഷന്‍ നല്‍കിയാല്‍ മതിയെന്നാണ് വി ഡി സതീശന്‍ സര്‍ക്കാരിന്റെ തീരുമാനം. അങ്ങനെ വരുമ്പോള്‍ ടേം വ്യവസ്ഥയിലുള്ള മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനെ ഇത് ബാധിക്കും. പുതിയ വ്യവസ്ഥ അതൃപ്തിയുണ്ടായിരിക്കുകയാണ്.

അനൂപ് ജേക്കബും മാണി സി കാപ്പനുമാണ് യുഡിഎഫിലെ ധാരണ പ്രകാരം രണ്ടര വര്‍ഷം വീതം ടേം വ്യവസ്ഥയില്‍ മന്ത്രിമാരാവുന്നത്. ലീഗിലെ ഒരു മന്ത്രി പാര്‍ട്ടിയിലെ ധാരണ പ്രകാരം പാറയ്ക്കല്‍ അബ്ദുല്ലയ്ക്കു വേണ്ടിയും രണ്ടര വര്‍ഷത്തിനു ശേഷം മാറും. പുതിയ വ്യവസ്ഥ പ്രകാരം ഇവരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ആനുകൂല്യം ലഭിക്കില്ല. ഏതാണ്ട് നാനൂറോളം പേര്‍ വിവിധ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ രാഷ്ട്രീയപരമായി നിയമിക്കപ്പെടാറുണ്ട്.

രണ്ടുവര്‍ഷം കഴിയുമ്പോള്‍ നിലവിലുള്ളവരെ ഒഴിവാക്കി പുതിയ ആളുകളെ നിയമിച്ച് രണ്ടുകൂട്ടരെയും പെന്‍ഷന് അര്‍ഹരാക്കുന്ന രീതിയും ഒഴിവാകും. ഇതുസംബന്ധിച്ച നിര്‍ദേശം മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി വി ഡി സതീശന്‍ നല്‍കി. പുതിയ നിബന്ധനയ്ക്ക് മുന്‍കാലപ്രാബല്യം ഏര്‍പ്പെടുത്തില്ല. നിലവില്‍ നാലുവര്‍ഷത്തില്‍ കുറവുള്ള സര്‍വീസിന് പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് അത് തുടര്‍ന്നും ലഭിക്കും. മിനിമം പെന്‍ഷനായി 4750 രൂപയെങ്കിലും നിലവില്‍ ലഭിക്കും. ചെറുപ്രായത്തില്‍ പേഴ്സണല്‍ സ്റ്റാഫില്‍ അംഗമാകുകയും ജീവിതകാലം മുഴുവനും പെന്‍ഷന് അര്‍ഹതനേടുകയും ചെയ്യുന്നതിനെത്തുടര്‍ന്നാണ് ഈ സമ്പ്രദായം വിമര്‍ശിക്കപ്പെടാന്‍ കാരണം.

മുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ് വിപ്പ് തുടങ്ങിയ പദവികളിലുള്ളവരുടെ പേഴ്സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ലഭിക്കുന്നത് കേരളത്തില്‍ മാത്രമാണ്. സുപ്രീംകോടതിയും സിഎജിയും ഈ സമ്പ്രദായത്തെ മുമ്പ് വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ശമ്പള പരിഷ്‌കരണ കമ്മീഷന്‍ നാലുവര്‍ഷമെങ്കിലും ബാധകമാക്കണമെന്ന് ശുപാര്‍ശ നല്‍കിയെങ്കിലും മുന്‍സര്‍ക്കാര്‍ അത് സ്വീകരിച്ചിരുന്നില്ല.

കേന്ദ്രത്തില്‍ കാബിനറ്റ് മന്ത്രിമാര്‍ക്ക് 15 പേരെയേ പേഴ്സണല്‍ സ്റ്റാഫായി നിയമിക്കാനാവു. തമിഴ്നാട്ടില്‍ ഒരാളെമാത്രമേ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാവൂ, ബാക്കിയുള്ളവര്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളവരായിരിക്കണം. കര്‍ണാടകയില്‍ 14 പേരെ സ്വന്തംനിലയില്‍ വെക്കാം. കേരളത്തില്‍ 25 പേരെ പേഴ്സണല്‍ സ്റ്റാഫാക്കാം. അതില്‍ 17 പേരെ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാം. 1994-ല്‍ കെ. കരുണാകരന്‍ സര്‍ക്കാരാണ് മന്ത്രിമാരുടെ സ്റ്റാഫിന് പെന്‍ഷന്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. 1982 മുതല്‍ മുന്‍കാല പ്രാബല്യവും നല്‍കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button