
മിൽമയുടെ ഡയറക്ടർ ബോർഡ് യോഗം ഇന്ന് ചേരും. പാൽ വില വർധനയാണ് പ്രധാന അജണ്ട. ലിറ്ററിന് നാല് രൂപ വർധിപ്പിച്ച് 56 രൂപയാകാനാണ് തീരുമാനം. ഡയറക്ടർ ബോർഡ് അംഗീകാരത്തിനുശേഷം വർധന നാളെ പ്രാബല്യത്തിൽ വരും. വില വർധനവിന് കഴിഞ്ഞ സർക്കാർ അംഗീകാരം നൽകിയിരുന്നു.
കർഷകന് 3.33 രൂപ ലഭിക്കുന്ന രീതിയിലാണ് പുതിയ വർധനവ്. ഇതോടെ മിൽമ പുറത്തിറക്കുന്ന പാലിതര ഉൽപ്പന്നങ്ങൾക്കും ആനുപാതികമായി വില കൂടും. കഴിഞ്ഞ ഡയറക്ടർ ബോർഡ് യോഗത്തിൽ പാൽ വില വർധിപ്പിക്കാനുള്ള തീരുമാനമെടുത്തെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ ഉണ്ടായ സാഹചര്യത്തിൽ വില വർധന നടപ്പാക്കിയിരുന്നില്ല.
അതേസമയം, ഇന്ധന വില വർധനക്ക് പിന്നാലെ രാജ്യത്ത് കടുത്ത ആശങ്ക. ചരക്കു നീക്കത്തിൽ പ്രഹരം ഏറ്റതോടെ അവശ്യവസ്തുക്കളുടെ വില വർധിക്കുമോ എന്ന ആശങ്കയിലാണ് ജനം. ഒരാഴ്ചക്കിടെ രണ്ട് തവണയാണ് പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചത്. ഇത് ചരക്ക് നീക്കത്തെ ബാധിക്കും എന്നാണ് വിലയിരുത്തൽ. അതേസമയം, വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ പ്രത്യേക പദ്ധതി തയ്യാറാക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. ഒരാഴ്ചയ്ക്കിടെ മൂന്നു രൂപയും 90 പൈസയും ആണ് ഇന്ധനത്തിന് കൂട്ടിയ വില. പെട്രോളിയം കമ്പനികളുടെ സമ്മർദ്ദത്തിനു വഴങ്ങി ഘട്ടം ഘട്ടമായി ഇന്ധനത്തിന് ഇനിയും വില വർധിക്കും എന്നാണ് റിപ്പോർട്ട്.



