
അമേരിക്കന്‍ കമ്പനിയായ കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ പരിഹരിക്കാന്‍ തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച നടക്കും. എറണാകുളം കലക്ടറേറ്റിലാണ് ചര്‍ച്ച. ഉമ തോമസ് എംഎല്‍എ, ജില്ലാ ലേബര്‍ ഓഫീസര്‍, ലേബര്‍ സെക്രട്ടറി തുടങ്ങിയവരും രാവിലെ 11 ന് നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും. സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ കോറോ ഹെല്‍ത്ത് പ്രതിനിധികള്‍ പങ്കെടുക്കുമോയെന്നതില്‍ വ്യക്തതയില്ല. ചര്‍ച്ചയ്ക്ക് കോറോ ഹെല്‍ത്ത് അധികൃതര്‍ എത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെയും ജീവനക്കാരെ ഓഫീസിന് അകത്ത് പ്രവേശിപ്പിച്ചില്ല. മന്ത്രിതല ചര്‍ച്ച നിശ്ചയിച്ചിരിക്കെ, അതുവരെ ജീവനക്കാരെ അകത്തു പ്രവേശിപ്പിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യമാണ് കമ്പനി മാനേജ്മെന്റ് തള്ളിയത്. രാവിലെ ഓഫീസില്‍ ജോലിക്കായി എത്തിയ ജീവനക്കാരുടെ ഹാജര്‍ തൊഴില്‍ വകുപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. കമ്പനിയുമായി ബന്ധപ്പെട്ട ആരും ഇന്നലെ പാലാരിവട്ടത്തെ ഓഫിസില്‍ എത്തിയതുമില്ല. ഇതോടെ, ഇന്നത്തെ നിര്‍ണായക ചര്‍ച്ചയ്ക്ക് കമ്പനി അധികൃതര്‍ തയാറാകുമോ എന്ന കാര്യത്തിലും സംശയമുയര്‍ന്നിട്ടുണ്ട്.
അതേസമയം, കൂട്ടപിരിച്ചുവിടല്‍ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ ചട്ടങ്ങള്‍ പാലിച്ച് ചര്‍ച്ച നടത്തണം. ഇന്‍ഡസ്ട്രീയല്‍ റിലേഷന്‍സ് കോഡ് 2020 പ്രകാരമുള്ള ഒത്തുതീര്‍പ്പിലെത്താന്‍ ശ്രമിക്കണമെന്നുമാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. അനുരഞ്ജന ചര്‍ച്ചകളുമായി മുന്നോട്ടുപോകാനും ജസ്റ്റിസ് പി ഗോപിനാഥ് നിര്‍ദേശിച്ചു. ഹൈക്കോടതി നിര്‍ദേശം കണക്കിലെടുത്ത് മന്ത്രി വിളിച്ച ചര്‍ച്ചയില്‍ കോറോഹെല്‍ത്ത് പ്രതിനിധികള്‍ പങ്കെടുത്തേക്കുമെന്നാണ് നിഗമനം. യുഎസിലെ ടെക്സസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി കൊച്ചി ഓഫിസിലെ അറുന്നൂറോളം പേരെയും കോഴിക്കോട് ഓഫിസിലെ ഇരുനൂറോളം പേരെയുമടക്കം എണ്ണൂറിലധികം ജീവനക്കാരെയാണ് യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടത്.



