
എം സ്വരാജ് പുസ്തകം അയച്ചു നല്‍കിയിട്ടല്ല പുരസ്‌കാരം നല്‍കിയതെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി സിപി അബൂബക്കര്‍. അപേക്ഷ പരിഗണിച്ചല്ല അവാര്‍ഡ് നല്‍കിയത്. നാലുമാസം മുന്‍പ് തുടങ്ങിയ നടപടിക്രമങ്ങളുടെ ഭാഗമായാണ് അവാര്‍ഡ് പ്രഖ്യാപിച്ചതെന്നും സി പി അബൂബക്കര്‍ വ്യക്തമാക്കി.
11 അവാര്‍ഡുകള്‍ പുസ്തകം അയച്ച് അപേക്ഷ സമര്‍പ്പിക്കാതെയാണ് അവാര്‍ഡിന് പരിഗണിച്ചതെന്ന് സിപി അബൂബക്കര്‍ പറഞ്ഞു. അക്കാദമി ലൈബ്രറിയിലെ പുസ്തകങ്ങളില്‍ നിന്നാണ് 11 അവാര്‍ഡുകള്‍ നല്‍കിയത്. കഴിഞ്ഞ തവണത്തെ പുരസ്‌കാര ജേതാക്കളില്‍ 3 പേരും പുസ്തകം അയച്ച് അപേക്ഷിച്ചവരല്ല. സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ എം സ്വരാജിനെതിരെയുള്ള സൈബര്‍ ആക്രമണം നടന്നിരുന്നു.
സ്വരാജിന്റെ ‘പൂക്കളുടെ പുസ്തകം’ എന്ന കൃതിക്കായിരുന്നു ഉപന്യാസവിഭാഗത്തില്‍ നല്‍കുന്ന സി.ബി കുമാര്‍ എന്‍ഡോവ്‌മെന്റ്. എന്‍ഡോവ്‌മെന്റ് നിരസിക്കുന്നതായി എം സ്വരാജ് വ്യക്തമാക്കിയിരുന്നു. പൊതുപ്രവര്‍ത്തനവും സാഹിത്യ പ്രവര്‍ത്തനവും ഉള്‍പ്പെടെ ഒരു കാര്യത്തിനും ജീവിതത്തിലൊരിക്കലും പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതല്ല എന്ന നിലപാട് ആവര്‍ത്തിക്കുന്നുവെന്നും അക്കാദമിയോട് ബഹുമാനം മാത്രമെന്നും സ്വരാജ് പറഞ്ഞിരുന്നു.